പുനര്‍ജനി കേസ്; വിഡിക്കെതിരായ നീക്കത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്ത സാഹചര്യത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. സിബിഐ അന്വേഷണം നീക്കത്തെ തള്ളിയും പരിഹസിച്ചുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. ഓലപ്പാമ്പെന്ന് കെപിസിസി പ്രസിഡന്റും ചെപ്പടിവിദ്യ എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും പ്രതികരിച്ചു. എന്തൊക്കെ അഭ്യാസം കാണിച്ചാലും യുഡിഎഫ് വരുമെന്ന് ഇതിനൊക്കെ പുല്ലു വിലയാണൈന്നും കെ മുരളീധരന്‍ പ്രതികരിച്ചു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കത്തിനുള്ള നേതൃ സമ്മേളനം നടക്കുമ്പോഴാണ് സര്‍ക്കാരിന്റെ നീക്കം എന്നത് ശ്രദ്ധേയമായി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കിട്ടിയ മുന്‍തൂക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ആഗ്രഹിച്ച് കോണ്‍ഗ്രസ് അതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് വയനാട്ടില്‍ രണ്ടുദിവസത്തെ നേതൃ സമ്മേളനം ചേരുന്നത്. ആവേശപൂര്‍വ്വം നേതാക്കള്‍ സമ്മേളനത്തിന് പതാക ഉയര്‍ത്താന്‍ നില്‍ക്കേ ആണ് സിബിഐ അന്വേഷണ ശുപാര്‍ശ വാര്‍ത്ത പുറത്തുവന്നത്. ആദ്യം മംഗലാപ്പിലായ നേതാക്കള്‍ പക്ഷേ ഉടന്‍ തിരിച്ചടിച്ചു. വിഷയത്തില്‍ എന്തു വന്നാലും രാഷ്ട്രീയമായി നേരിടും. ഒരു വര്‍ഷം മുന്‍പത്തെ ശുപാര്‍ശയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നത് തെരഞ്ഞെടുപ്പായതിനാലാണെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

പ്രതിപക്ഷ നേതാവിനെതിരായ നീക്കം മാത്രമല്ല ഇതെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വി ഡി സതീശന് ശക്തമായ പിന്തുണ നല്‍കുകയാണ് നേതാക്കള്‍. സതീശനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് സിപിഎമ്മിന്റെ നീക്കം എങ്കിലും പ്രതിപക്ഷത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാണ് ശ്രമമെന്ന് യുഡിഎഫ് കരുതുന്നു. നിലവിലുള്ള കേസുകളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള സര്‍ക്കാരിന്റെ ഒടുവിലത്തെ അടവാണ് ഇത് എന്ന് നേതൃത്വം പ്രതികരിച്ചു. 2020 തന്നെ സിബിഐ അന്വേഷണം അനുവദിക്കുന്ന പൊതുസമ്മതം പത്രം സംസ്ഥാനത്ത് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സിപിഎം പി വി യുടെ നിര്‍ദ്ദേശം അനുസരിച്ച് ആയിരുന്നു ഇതെന്ന കാര്യം സൗകര്യപൂര്‍വ്വം സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോള്‍ മറക്കുന്നതായി കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.