എഡിജിപി അജിത് കുമാർ കവടിയാറിൽ കൊട്ടാരം പണിയുകയാണെന്ന് പി വി അൻവർ

തിരുവനന്തപുരം: എഡിജിപി അജിത് കുമാർ കവടിയാറിൽ കൊട്ടാരം പണിയുകയാണെന്ന് പി വി അൻവർ എംഎൽഎ. പാവപ്പെട്ട എഡിജിപി 15000 സ്‌ക്വയർഫീറ്റിലാണ് വീട് പണിയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. സോളാ‌ർ കേസ് അട്ടിമറിട്ടതിലും അജിത് കുമാറിന് പങ്കുണ്ടെന്ന് പി വി അൻവർ വെളിപ്പെടുത്തി.

പി വി അൻവറിന്റെ വാക്കുകൾ:ഞാൻ വെളിവില്ലാതെയല്ല ഓരോന്ന് പറയുന്നത്. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് ഓരോ കാര്യവും പറയുന്നത്. അത് നിങ്ങൾ മാദ്ധ്യമങ്ങൾക്ക് തന്നെ അന്വേഷിക്കാം. എഡിജിപി അജിത് കുമാർ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന്റെ കോമ്പൗണ്ടിൽ യൂസഫലി സാറിന് അദ്ദേഹത്തിന്റെ ഹെലിപാടിനോട് ചേർന്നൊരു വീടുണ്ട്. അതിന്റെ തൊട്ടടുത്താണ് അജിത് കുമാർ കൊട്ടാരം പണിയുന്നത്.

അവിടെ പത്ത് സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലുമാണ് ഭൂമി രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഏകദേശം 15000 സ്‌ക്വയർഫീറ്റിലാണ് അവിടെ കെട്ടിടം പണിയുന്നത്. അവിടുത്തെ നാട്ടുകാർക്കെല്ലാം ഇതറിയാം. അവിടുത്തെ ഭൂമിയുടെ വില അറിയാമോ? 60 മുതൽ 70 ലക്ഷം വരെയാകും മിനിമം. ഒരു അഴിമതിയില്ല, 25 രൂപയുടെ കുപ്പായമേ ഇടൂ, കീറിപ്പറഞ്ഞ പാന്റേ ഇടൂ, പാവപ്പെട്ട എഡിജിപി. നിങ്ങൾ മാദ്ധ്യമങ്ങൾ ഇത് അന്വേഷിക്കണം.

എനിക്കത് ടിവിയിലൂടെ കാണണമെന്നുണ്ട്.അയാൾക്ക് കൊല്ലാനും കൊല്ലിക്കാനും മടിയില്ലാന്ന് എസ്‌പി സുജിത് ദാസിന്റെ ഫോൺ കോളിൽ നിങ്ങൾ കേട്ടതല്ലേ. ഒന്നര വർഷം മുമ്പ് എടവണ്ണയിൽ റിതാൻ എന്ന ചെറുപ്പക്കാരൻ തലയ്‌ക്ക് വെടിയേറ്റ് മരണപ്പെട്ട സംഭവമുണ്ടായി. എന്റെ നാട്ടിലാണ്. ദുരൂഹതയുണ്ടെന്ന് അന്നേ നമ്മൾ കേൾക്കുന്നതാണ്. റിതാന്റെ ഭാര്യയെയും കുടുംബത്തെയും ഇന്നലെ ഞാൻ കണ്ടിരുന്നു. ഇപ്പോൾ ആ കേസിൽ പ്രതിയാക്കിയിരിക്കുന്ന ഷാൻ ഒരിക്കലും അത് ചെയ്യില്ല എന്നാണ് റിതാന്റെ ഭാര്യ പറയുന്നത്. അവർ അത്രയും സ്‌നേഹത്തിലായിരുന്നു. ഷാനിന്റെ ബന്ധുക്കളും പറയുന്ന അയാൾ അങ്ങനെ ചെയ്യില്ലാന്ന്.

മരണം നടന്ന് മൂന്നാം ദിവസം വളരെ മോശമായാണ് റിതാന്റെ ഭാര്യയോട് പൊലീസ് സംസാരിച്ചത്. ഷാനുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് സമ്മതിക്കണം എന്നാണ് പൊലീസ് അവരോട് പറഞ്ഞത്. അവരത് സമ്മതിക്കാതതുകൊണ്ട് പുതിയൊരു കഥയുണ്ടാക്കി ഷാനിനെ പ്രതിയാക്കി. പിന്നീട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ വഴി അറിയാൻ കഴിഞ്ഞു. ഈ മരിച്ചയാൾക്ക് കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും അറിയാം.

ഇക്കാര്യം വെളിപ്പെടുത്തുമെന്ന് ഇയാൾ പല പൊലീസ് ഉദ്യോഗസ്ഥരോടും പറഞ്ഞിട്ടുമുണ്ട്. അതിനാലാണ് ഇവനെ കൊല്ലിച്ചതെന്നാണ് വിവരം.റിതാന്റെ രണ്ട് ഫോണുകളും ഇതുവരെ പൊലീസ് കണ്ടെടുത്തിട്ടില്ല. ഫോൺ ചാലിയാർ പുഴയിൽ എറിഞ്ഞു എന്ന് ഷാനിനെ കൊണ്ട് സമ്മതിപ്പിച്ചു.അതേസമയം, വയർലസ് ചോർത്തിയ കേസിൽ ഷാജൻ സ്‌കറിയയെ എഡിജിപി അജിത് കുമാർ സംരക്ഷിച്ചുവെന്ന് പേര് വെളിപ്പെടുത്താത്ത ഒരു പൊലീസുകാരന്റെ ശബ്ദ സന്ദേശവും പി വി അൻവർ പുറത്തുവിട്ടു. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാൾ പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *