ക്വാഡ് ഉച്ചകോടി: ത്രിദിന സന്ദര്ശന് പ്രധാനമന്ത്രി യുഎസില്‍

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തി. എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ പ്രാദേശിക സമയം രാവിലെ 10 മണിയോടെ (ഇന്ത്യന്‍ സമയം രാത്രി 7:30) മോദി ഫിലഡെല്‍ഫിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സമൂഹം മോദിയെ സ്വീകരിച്ചു.
പ്രസിഡന്റ് ജോ ബൈഡന് ആതിഥേയത്വം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. കൂടാതെ, യുഎന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ബൈഡന്റെ ജന്മനാടായ വില്‍മിങ്ടണിലാണ് ക്വാഡ് (ക്വാഡ്രിലാറ്ററല്‍ സെക്യൂരിറ്റി ഡയലോഗ്) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാന്, യുഎസ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന തന്ത്രപ്രധാന സഖ്യമാണ് ക്വാഡ്.
നരേന്ദ്ര മോദിയ്ക്ക് പുറമേ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബാനീസ്, ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും. ആദ്യമായാണ് ബൈഡന് ജന്മനാടായ വില്‍മിങ്ടണിലേക്ക് ആഗോള നേതാക്കളെ ക്ഷണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ 22ന് മോദി ന്യൂയോര്‍ക്കിലെത്തും. തുടര്‍ന്ന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.
അമേരിക്കന്‍ ബിസിനസ് നേതാക്കളുമായും മോദി സംവദിക്കും. 23ന് ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ‘ഒരു നല്ല നാളേയ്ക്കുള്ള ബഹുമുഖ പരിഹാരങ്ങള്‍’ എന്ന ആശയത്തിലൂന്നിയാണ് ഉച്ചകോടി നടക്കുക. ഉച്ചകോടിക്കിടെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായി മോദി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന സൂചനയുണ്ട്.