അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതം; കെ സി വേണുഗോപാൽ

ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും നടക്കുന്നത് തിരഞ്ഞെടുപ്പ് നാടകമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട് ഏത് കാലത്തെ അന്വേഷണം വന്നാലും തനിക്ക് പേടിയില്ല. 22 കൊല്ലം മുമ്പ് താൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് പോറ്റി അവിടെ കയറിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എസ് ഐ ടി മുഖ്യമന്ത്രിയുടെ കൈയിൽ ഇരിക്കുകയല്ലേ. കുറ്റം എങ്ങനെയെങ്കിലും മറ്റുള്ളവരിൽ ചാരാൻ പറ്റുമോ എന്ന് മുഖ്യമന്ത്രി പരീക്ഷണം നടത്തുന്നു. അദ്ദേഹത്തിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കുന്നു. ആരാണ് പോറ്റിയെ ശബരിമലയിൽ കയറ്റിയതെന്ന് അന്വേഷിക്കട്ടെ. ആരെയെങ്കിലും ചെളിവാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി ധരിക്കുന്നു. യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ് ഐ ടിക്ക് ഇഷ്ടമുള്ള സമയത്ത് ഇഷ്ടമുള്ളവരെ ചോദ്യം ചെയ്യട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. ശബരിമലയിലെ സ്വർണം കട്ടത് ആരാണെന്ന് ജനങ്ങൾക്കറിയാം. അതിൻറെ ജാള്യത മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാർ ഏറ്റവും വലിയ കുഴിയിലാണ് വീഴാൻ പോകുന്നത്.
തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിലാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത്. ഏകദേശം ഒന്നര മണിക്കൂർ പിന്നിട്ടിരിക്കുകയാണ് ചോദ്യം ചെയ്യൽ. ശബരിമല സ്വർണ്ണപ്പാളികൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള ബന്ധമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോറ്റിക്കൊപ്പം അടൂർ പ്രകാശ് നടത്തിയ ഡൽഹി യാത്രയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും പോറ്റിയുമായുള്ള സാമ്പത്തിക-വ്യക്തിഗത ഇടപാടുകളെക്കുറിച്ചും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിയെയും അടൂർ പ്രകാശിനെയും ഒന്നിച്ചിരുത്തിയാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്.