വട്ടിയൂർക്കാവിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥി

തിരുവനന്തപുരം: മൂന്ന് മുന്നണികളും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന വട്ടിയൂർക്കാവിൽ ബിജെപിയ്‌ക്ക് സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ എത്തും. ശാസ്‌തമംഗലം കൗൺസിലറായ ആർ ശ്രീലേഖ നാളെത്തന്നെ മണ്ഡലത്തിൽ ചുമരെഴുത്ത് നടത്തി പ്രചാരണം തുടങ്ങുമെന്നാണ് വിവരം. ശ്രീലേഖയ്‌ക്കൊപ്പം ശോഭാ സുരേന്ദ്രൻ, ജി കൃഷ്‌ണകുമാർ എന്നിവരുടെ പേരുകളും മണ്ഡലത്തിൽ പരിഗണിച്ചിരുന്നു. പാലക്കാട് മണ്ഡലത്തിലും ശോഭാ സുരേന്ദ്രനെ പരിഗണിക്കുന്നുണ്ട്.
നേമത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ, കാട്ടാക്കട പി കെ കൃഷ്‌ണദാസ്, ആറന്മുള കുമ്മനം രാജശേഖരൻ, മലമ്പുഴയിൽ സി കൃഷ്‌ണകുമാർ, ചെങ്ങന്നൂരിൽ സന്ദീപ് വാചസ്‌പതി, പാലയിൽ ഷോൺ ജോർജ്, തിരുവല്ല അനൂപ് ആന്റണി എന്നിങ്ങനെ നേതാക്കന്മാരുടെ മണ്ഡലങ്ങൾ നേരത്തെ തീരുമാനമായിരുന്നു.ബിജെപി സജീവ വിജയപ്രതീക്ഷ നിലനിർത്തുന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും വി കെ പ്രശാന്തിലൂടെ സിപിഎം മണ്ഡലം പിടിച്ചെങ്കിലും കഴിഞ്ഞ തവണ പാർട്ടി ഇവിടെ രണ്ടാമതെത്തി. 2021ൽ 21515 വോട്ടിനായിരുന്നു പ്രശാന്തിന്റെ വിജയം. 61111 വോട്ടുകൾ പ്രശാന്ത് നേടി. ബിജെപി സ്ഥാനാർത്ഥിയായിരുന്ന നിലവിലെ മേയർ വിവി രാജേഷ് 39,596 വോട്ടുകളാണ് നേടിയത്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ലീഡ് നേടിയ പ്രധാന മണ്ഡലങ്ങളിലൊന്ന് വട്ടിയൂർക്കാവായിരുന്നു.