രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ ടീം പരീശീലക സ്ഥാനം ഒഴിഞ്ഞു

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ടീം പരീശീലക സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ ദ്രാവിഡ്. ടീം അധികൃതരാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. രാജസ്ഥാന്‍ ടീമിലെ രാഹുലിന്‍റെ സാന്നിധ്യം പുതിയ താരങ്ങളെയും പരിചയസമ്പന്നരെയും പ്രചോദിപ്പിച്ചെന്നും സേവനത്തിന് ടീം എന്നന്നേക്കും നന്ദിയുള്ളവരായിരിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് എക്‌സില്‍ കുറിച്ചു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി 46 മത്സരങ്ങള്‍ കളിച്ച ദ്രാവിഡ്, ഇന്ത്യന്‍ ടീമിന്റെ പരിശീലക കാലാവധി അവസാനിച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് മുഖ്യ പരിശീലകനായി ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍, കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ദ്രാവിഡിന്റെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. പതിനാല് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ ജയം നേടിയത്.

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീലന ചുമതല ഇന്ന് അവസാനിപ്പിക്കുന്നതായി ടീം അറിയിച്ചു. വര്‍ഷങ്ങളായി ടീമിന്റെ യാത്രയില്‍ രാഹുല്‍ സുപ്രധാന ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വം ടീമിന് എല്ലാതരത്തിലും അഭിമാനാര്‍ഹമായ നേട്ടങ്ങളുണ്ടാക്കിയെന്നും ടീം എക്‌സില്‍ കുറിച്ചു. ടീം പുതിയ പദവി വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് നിരസിച്ചെന്നും ടീമിന് നല്‍കിയ എല്ലാ സേവനങ്ങള്‍ക്കും ഹൃദയത്തില്‍ നന്ദി അറിയിക്കുന്നതായും ടീം അധികൃതര്‍ വ്യക്തമാക്കി.

രാഹുല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയോ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയോ മുഖ്യപരിശീലകനാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.