ഗുജറാത്ത് ഹൈക്കോടതിയില്‍ അപ്പീലുമായി രാഹുല്‍ ഗാന്ധി

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നേരത്തെ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം രാഹുലിന്റെ അഭിഭാഷകര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ഉന്നയിക്കും.

വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടൂ. അല്ലാത്തപക്ഷം വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങും. അപകീര്‍ത്തിക്കേസിലെ അന്തിമ തീര്‍പ്പ് നീളാനാണു സാധ്യതയെന്നതിനാല്‍ അയോഗ്യത നീങ്ങിക്കിട്ടാന്‍ മാത്രമാണ് സ്റ്റേ ആവശ്യം ഉന്നയിക്കുന്നത്. കോലാറില്‍ നടത്തിയ പ്രസംഗത്തിനു സൂറത്തില്‍ കേസ് നിലനില്‍ക്കില്ല, എല്ലാ മോദിമാരെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പേരില്‍ കേസ് നല്‍കാനാകില്ല തുടങ്ങിയ വാദങ്ങളാണ് പ്രധാനമായി ഉന്നയിക്കുന്നത്. പ്രധാന അപ്പീല്‍ ഹര്‍ജിയില്‍ മേയ് 20നു സെഷന്‍സ് കോടതിയില്‍ വാദം ആരംഭിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *