കോൺഗ്രസിനുള്ളിൽ ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ അനുവദിക്കില്ല’: മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് താക്കീതുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ട്ടിക്കുള്ളില്‍ നിന്ന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുന്നവരും ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരും അടക്കം പാര്‍ട്ടിയിലുള്ളത് രണ്ട് തരം ആളുകളാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുമായി ബന്ധം പുലര്‍ത്തുന്നവരെ പുറത്താക്കുമെന്നും എങ്കില്‍ മാത്രമേ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസില്‍ വിശ്വസിക്കൂവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രണ്ട് ദിവസത്തെ അഹമ്മദാബാദ് സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയോട് കൂട്ടുകൂടുന്നതിനാല്‍ കഴിഞ്ഞ മുന്ന് പതിറ്റാണ്ടായി ഗുജറാത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഗുജറാത്തിലെ ജനങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താനും കോണ്‍ഗ്രസിന്റെ മറഞ്ഞിരിക്കുന്ന ആത്മവിശ്വാസംവീണ്ടെടുക്കാനും ഞാന്‍ തീരുമാനിച്ചിരിക്കുന്നു’, രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിക്ക് വേണ്ടി ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുറത്തേക്കുള്ള വഴി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍, വ്യാപാരികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ ഗുജറാത്തിലെ ജനങ്ങള്‍ക്ക് പ്രതിപക്ഷം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘അവര്‍ക്ക് ബിജെപിയുടെ ബി ടീമിനെയല്ല ആവശ്യം. ഈ രണ്ട് കൂട്ടരെയും അരിച്ചുപെറുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. കോണ്‍ഗ്രസില്‍ നേതാക്കളുടെ ക്ഷാമമില്ല. ബ്ലോക്ക്-ജില്ലാ തലത്തില്‍ സിംഹത്തെ പോലെയുള്ള നേതാക്കള്‍ നമുക്കുണ്ട്. എന്നാല്‍ അവര്‍ ബിജെപിയുടെ നിയന്ത്രണത്തിലാണ്’, രാഹുല്‍ ഗാന്ധി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *