രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കണമെന്ന് എഐസിസി സമ്മേളനത്തിൽ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരണത്തിലുള്ള തെലങ്കാനയിൽ വിപ്ലവകരമായ മാറ്റം നടത്തി. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കണം. പിന്നാക്കകാർക്കൊപ്പമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി പിന്നാക്കക്കാർക്കായി എന്തു ചെയ്തുവെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
കോൺഗ്രസ് പിന്നാക്ക വിഭാഗത്തിനൊപ്പമെന്നും എല്ലാവർക്കും അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിക്കും അംബാനിക്കും വേണ്ടി പൊതുമേഖല സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നു. അദാനിക്ക് വേണ്ടി രാജ്യത്തെ തീറെഴുതുന്നുവെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ജയിച്ചത് അട്ടിമറിയിലൂടെയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അതിന് കൂട്ടു നിന്നുവെന്നും രാഹുൽ ഗാന്ധി ആവർത്തിച്ചു. വോട്ടർ പട്ടികയിൽ വ്യാപക തിരിമറി നടന്നുവെന്ന് അദേഹം ആരോപിച്ചു. ആർഎസ്എസിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ത്രിവർണ്ണ പതാകയും ഭരണഘടനയും അംഗീകരിക്കാത്തവരാണ് ആർ.എസ് എസെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഓർഗനൈസറിലെ ലേഖനം പരാമർശിച്ച് രാഹുൽ. ക്രിസ്ത്യാനികൾക്ക് നേരെയും ആർഎസ്എസ് തിരിഞ്ഞു. അടുത്ത ഇരകൾ സിഖുകാർ ആയിരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വഖഫ് ബില്ലിന് ശേഷം ക്രിസ്ത്യാനികളുടെ ഭൂമിയിലേക്കാണ് ബിജെപിയുടെ പിടി നീളുന്നത്. വഖഫ് ബിൽ മതസ്വാതന്ത്ര്യത്തിനും ഭരണഘടനയ്ക്കും നേരെയുള്ള ആക്രമണമെന്ന് രാഹുൽ പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വേർതിരിക്കുന്നതാണ് ബിജെപി നിലപാട്. അതിനെതിരെ കോൺഗ്രസ് പോരാടുമെന്ന് രാഹുൽ വ്യക്തമാക്കി.