‘രാഹുൽ ഗാന്ധിക്ക് അര കമ്മ്യൂണിസ്റ്റ് മനസ്, കമ്മ്യൂണിസത്തെ നശിപ്പിക്കാൻ നടക്കുന്ന പിണറായി വിജയനെ പരാജയപ്പെടുത്തണം’

കണ്ണൂർ: സിപിഎം മുതലാളിമാരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്നും കമ്മ്യൂണിസത്തെ നശിപ്പിക്കാൻ നടക്കുന്ന പിണറായി വിജയനെ പരാജയപ്പെടുത്തണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കണ്ണൂരിൽ സിപിഎം വിട്ടുവന്ന വിമത സ്ഥാനാർത്ഥികളായ ടി കെ ഗോവിന്ദനെയും വി കുഞ്ഞികൃഷ്ണനെയും വേദിയിലിരുത്തിയാണ് വേണുഗോപാൽ ഇങ്ങനെ പറഞ്ഞത്. രാഹുൽ ഗാന്ധിയ്ക്ക് സിപിഎം മനസാണെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ ജില്ലയിലെ മുഴുവൻ യുഡിഎഫ് സ്ഥാനാർത്ഥികളെയും പങ്കെടുപ്പിച്ച് കണ്ണൂർ നഗരത്തിൽ നടത്തിയ യുഡിഎഫ് പരിപാടിയിലാണ് കെ സി വേണുഗോപാൽ ഇങ്ങനെ പറഞ്ഞത്. യുഡിഎഫ് പിന്തുണയിൽ തളിപ്പറമ്പിലാണ് സിപിഎം മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദൻ മത്സരിക്കുന്നത്. സിപിഎം മുൻ ജില്ലാ കമ്മിറ്റിയംഗമായ വി കുഞ്ഞികൃഷ്ണൻ പയ്യന്നൂരിലാണ് മത്സരിക്കുന്നത്.
സ്വർണംകട്ടത് ആരപ്പ എന്ന രാഹുലിന്റെ ചോദ്യത്തിന് മറുപടി പറയാതെ പിണറായിക്ക് തടിതപ്പാനാകില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.സ്വർണം കട്ടവരെ സംരക്ഷിക്കുന്നത് പിണറായി വിജയനാണ്. പിഎസ്സി ഒന്നാം റാങ്കുകാരന് ജോലിയില്ല, സഖാവിന്റെ ബന്ധുക്കൾക്കാണ് ജോലി. മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കുന്നവരാണ് സിപിഎം എന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. യഥാർത്ഥ കമ്യൂണിസ്റ്റുകളുടെ പ്രതിനിധികളാണ് ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനെന്നും അദ്ദേഹം പറഞ്ഞു.