രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടില്‍

വയനാട്:  രാഹുല്‍ ഗാന്ധി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി  വയനാട്ടിലെത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് സന്ദര്‍ശനം. രാഹുല്‍ ഗാന്ധിക്ക് വന്‍ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ചിരുന്നു. പരിസ്ഥിതിലോല പ്രശ്നത്തില്‍ രാഹുല്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസില്‍ 19 എസ്‌എഫ്‌ഐ പ്രവര്‍ത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് അറസ്റ്റിലായത്.

സംഭവത്തില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്‌എഫ്‌ഐയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമരം പാര്‍ട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം. എസ്‌എഫ്‌ഐ ജില്ലാ ഘടകത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുത്ത് വിവാദത്തില്‍ നിന്നും തലയൂരാനാണ് എസ്‌എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ദേശീയതലത്തില്‍ ബിജെപിക്കതിരെ രാഹുലും ഇടതുപാര്‍ട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്ബോള്‍ എസ്‌എഫ്‌ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍.സംഭവത്തില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *