തിരുവനന്തപുരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടുകളാണ് രാഹുല്‍ നേടിയത്. 1,68,588 വോട്ടുകള്‍ നേടി അബിന്‍ വര്‍ക്കി രണ്ടാം സ്ഥാനത്തെത്തി. അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയാണു യൂത്ത് കോണ്‍ഗ്രസ് തലപ്പെത്തു രാഹുല്‍ എത്തുന്നത്. അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്. 31930 വോട്ടുകള്‍ നേടി. അബിന്‍, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും. ഐ ഗ്രൂപ്പിന് ആറ് ജില്ലാ പ്രസിഡന്റുമാരെയും എ ഗ്രൂപ്പിന് അഞ്ചു ജില്ലാ പ്രസിഡന്റുമാരെയും ലഭിച്ചു. എറണാകുളത്തെ ഫലം പ്രഖ്യാപിച്ചില്ല. രണ്ടുമാസം മുമ്പുനടന്ന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പില്‍നിന്ന് അബിന്‍ വര്‍ക്കിയുമായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ആകെ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 2,16,462 വോട്ടുകള്‍ അസാധുവായി.
വ്യക്തിപരമായ ഉത്തരവാദിത്തവും സംഘടനാബോധവും കൂട്ടുനിന്ന വിജയമാണിതെന്നും ഫലമറിയാന്‍ ഉമ്മന്‍ ചാണ്ടി ഇല്ലയെന്നത് സങ്കടമെന്നും വിജയത്തിനുപിന്നാലെ രാഹുല്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പോരാട്ടം നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെപിസിസി അംഗവുമാണ് രാഹുല്‍. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായും എന്‍എസ്യു ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടി. എംജി യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുകയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിയായ രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബിന്‍. എന്‍എസ്യു ദേശീയ സെക്രട്ടറി ആയിരുന്നു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങിലും ലോ അക്കാദമിയില്‍നിന്ന് നിയമത്തിലും ബിരുദം നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ്