ബലാത്സംഗ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്ക് എതിരായ ബലാത്സംഗ പരാതികള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ഗൂഢാലോചനയെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ട്വന്റിഫോറിനോട് പറഞ്ഞു. അതിജീവിതമാരെ രാഹുല്‍ വെല്ലുവിളിച്ചു. മുഴുവന്‍ ചാറ്റുകള്‍ പുറത്തുവിടണമെന്നാണ് ആവശ്യം. ഒളിച്ചോടില്ലെന്നും കേസുകളെ സധൈര്യം നേരിടുമെന്നുമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണം.
ലൈംഗിക പീഡന പരാതിയില്‍ ജാമ്യം ലഭിച്ചത് പിന്നാലെ ആദ്യമായാണ് പ്രതികരണം. തനിക്കെതിരെ ഉണ്ടായ ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും പുറത്തുവരുന്നത് ചാറ്റുകളിലെ ചെറുഭാഗങ്ങള്‍ മാത്രമെന്നും പൂര്‍ണരൂപം പുറത്തുവിടണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പരാതികള്‍ക്ക് പിന്നില്‍ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. തന്നെ കുറിച്ചുള്ള കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ചു..
ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ഒരു ഷേക്ക് ഹാന്‍ഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാര്‍മികതകളൊക്കെ വച്ച് പുലര്‍ത്തുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ട് ജയിലില്‍ പോകില്ലെന്ന് ഉറപ്പിച്ചിരുന്നു. തെറ്റ് ചെയ്തിട്ടില്ല എന്ന് ബോധ്യമുണ്ട്. ജയിലില്‍ കിടത്തിയേ അടങ്ങൂ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചത് കൊണ്ടാണ് മൂന്നാമത്തെ പരാതി ഉണ്ടായത് – രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.