ജയിലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാന്‍ തയ്യാറാകാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ തുടരുന്നു. ജയിലില്‍ കാണാന്‍ എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രാഹുല്‍ കാണാന്‍ കൂട്ടാക്കിയില്ല.

ജയിലിലെ ആദ്യത്തെ രാത്രി രാഹുലിന് പ്രത്യേക പരിഗണനകള്‍ ഒന്നും ഉണ്ടായില്ല. ജയില്‍ ഭക്ഷണം, കിടപ്പ് തറയില്‍ പായ വിരിച്ച്. പരാതികള്‍ ഇല്ലാതെ രാഹുല്‍ നേരം വെളുപ്പിച്ചു. സന്ദര്‍ശിക്കാന്‍ എത്തിയ അടൂരിലെ കോണ്‍ഗ്രസ്സ് നേതാക്കളെ കാണാന്‍ കൂട്ടാക്കാതെ മടക്കി അയച്ചു. സന്ദര്‍ഷകരെ ആരെയും അനുവദിക്കേണ്ടന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിച്ചു. അറസ്റ്റില്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ നേതാക്കള്‍ ഉയര്‍ത്തിയത്. എഫ്‌ഐആറില്‍ പരാമര്‍ശമുള്ള വടകരയിലെ ഫ്‌ലാറ്റ് പരിശോധിക്കണമെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ വ്യക്തമാക്കി.

രാഹുലിന്റെ അറസ്റ്റില്‍ ആരോടും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിന് ഇല്ലെന്നായിരുന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് എ പി അനില്‍കുമാറിന്റെ പ്രതികരണം.അറസ്റ്റ് നടപടികള്‍ കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന വിമര്‍ശനവുമായി മുന്‍ ഡിജിപി സെന്‍കുമാര്‍ രംഗത്തെത്തി. കോഴിയും പൊലീസും ക്രിമിനല്‍ നിയമങ്ങളും എന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്കിലെ വിമര്‍ശനം. രാഹുല്‍ മാങ്കൂട്ടത്തിലിനായി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി ദേവാലയങ്ങളില്‍ വഴിപാട് നടത്തി. രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്ന് റെജോ വള്ളംകുളം പറഞ്ഞു.

അറസ്റ്റ് നടപടികളില്‍ പോലീസിന് വീഴ്ച പറ്റിയെന്ന വിമര്‍ശനവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. രാഹുലിനായി ദേവാലയങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വഴിപാട് കഴിപ്പിച്ചത് വിവാദമായി.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. ഏഴ് ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും കോടതി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പരിഗണിക്കും.