സഭയില്‍ അലങ്കോലം സൃഷ്ടിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം: ഇ. പി. ജയരാജന്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത് സഭയോടും ജനങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ. പി. ജയരാജന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായിട്ടുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. പൂര്‍വകാല ചരിത്രം ഇങ്ങനെയായിരുന്നുവെന്നത് ന്യായീകരണം ആക്കാന്‍ പാടില്ല. ചരമോചാരം എന്ന ആദരവിനെ പരിഹസിക്കുന്നതു കൂടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുല്‍ സഭയിലെത്തിയത് സഭയില്‍ അലങ്കോലം സൃഷ്ടിക്കാനുള്ള ശ്രമത്തിനാണ്. കോണ്‍ഗ്രസിലെ പ്രമുഖ വിഭാഗത്തിന് ഈ നടപടിയില്‍ കടുത്ത പ്രതിഷേധമുണ്ട്. ഭരണപക്ഷം തന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുകയാണെന്നും അതിനെ അലങ്കോലപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ കോണ്‍ഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭയില്‍ എത്തിയത്. പ്രതിപക്ഷ നേതാവിന്റെയും കെപിസിസിയുടെയും നിര്‍ദേശം തള്ളിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയത്. നിയമസഭയിലെ പ്രത്യേക ബ്ലോക്കിലാണ് അദ്ദേഹം ഇരിക്കുന്നത്. പ്രതിപക്ഷ നിരയിലെ ഏറ്റവും പിന്നിലെ സീറ്റാണിത്.
അതേസമയം രാഹുല്‍ എത്തിയത് മുതിര്‍ന്ന നേതാക്കളുടെ പിന്തുണയോടെയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മുതിര്‍ന്ന നേതാക്കള്‍ വിളിച്ച് സഭയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടുവെന്നും ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് രാഹുല്‍ വരാമെന്ന് അറിയിക്കുകയായിരുന്നുവെന്നാണ് സൂചന.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തുമോ എന്നതില്‍ രാഷ്ട്രീയ ആകാംക്ഷ നിലനില്‍ക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വരവ്. രാഹുല്‍ സഭയിലേക്ക് എത്തരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കില്ലെന്ന് നേതാക്കള്‍ക്ക് രാഹുല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ കെപിസിസി യോഗം നടക്കുന്ന ദിവസം തന്നെ പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് നിയമസഭയില്‍ എത്തിയത്.