ഹൈക്കോടതിയെ സമീപിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ; ആദ്യ പ്രതികരണവുമായി പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം കോടതി നിഷേധിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി പരാതിക്കാരി. സാമൂഹിക മാധ്യമങ്ങളിലൂടെ പോസ്റ്റിട്ടാണ് പരാതിക്കാരിയുടെ പ്രതികരണം. സത്യമേവ ജയതേ' എന്നാണ് സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്. ലൈം​ഗിക ആരോപണങ്ങൾ ഉയർന്ന സമയത്ത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നു ഈ വാചകം ഉപയോ​ഗിച്ച് പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്.സത്യം ജയിക്കും’ എന്ന പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച ശേഷമാണ് രാഹുൽ ഒളിവിൽ പോകുന്നത്.

ബലാത്സം​ഗ കേസിൽ മൂൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നീക്കം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് രാഹുലിന്റെ മുൻകൂർ ജാമ്യ ഹർജി നിഷേധിച്ചത്. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാലുടൻ തന്നെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന. ഹൈക്കോടതി മുതിർന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുൽ മാങ്കൂട്ടത്തിലിനായി ഹാജരാവുക. ഒളിവിൽ പോയി എട്ടാമത്തെ ദിവസം പിന്നിടുമ്പോഴും അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങാനുള്ള തീരുമാനം രാഹുലിന്റെ ഭാ​ഗത്തുനിന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം.