രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചു ; എം എൽ എ സ്ഥാനം രാജിവെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യട്ടെ, അദ്ദേഹത്തിന്റെ തീരുമാനമാണ് : വിഡി സതീശൻ

ആലപ്പുഴ: ബലാത്സംഗ കേസിൽ കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്നപ്പോള്‍ തന്നെ അക്കാര്യം പരിശോധിച്ച് നടപടിയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നും അത് ഇന്ന് പ്രഖ്യാപിച്ചുവെന്നു മാത്രമേയുള്ളുവെന്നും വിഡി സതീശൻ പറഞ്ഞു. സമാനമായ കേസുകളിൽ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടിയെടുക്കാൻ സിപിഎമ്മിനെയും വിഡി സതീശൻ വെല്ലുവിളിച്ചു. ആദ്യം പരാതി വന്നപ്പോള്‍ തന്നെ ഏകകണ്ഠമായി രാഹുലിനെ സസ്പെന്‍ഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. നേതാക്കളെല്ലാം കൂട്ടായെടുത്ത തീരുമാനമായിരുന്നു അത്. രാഹുലിനെതിരെ രണ്ടാമത്തെ പരാതി കൂടി വന്നതോടെ ഇന്നലെ തന്നെ രാഹുലിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കാൻ നേതൃത്വം കൂടിയാലോചിച്ച് ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് ഇന്നലെയാണോ ഇന്നാണോയെന്നതിൽ പ്രസക്തിയില്ല. തന്റെ പാര്‍ട്ടിയിൽ തനിക്ക് അഭിമാനമുണ്ട്. ഇത്തരമൊരു തീരുമാനം കൂട്ടായാണ് എടുത്തതെന്നും വിഡി സതീശൻ പറഞ്ഞു.
ആദ്യമെടുത്ത തീരുമാനം ശരിയായെന്ന് പുറത്താക്കിയ നടപടിയോടെ വ്യക്തമായി. ഇന്നലെയെടുത്ത തീരുമാനം ഇന്ന് പ്രഖ്യാപിച്ചുവെന്ന് മാത്രമേയുള്ളു. മിനിഞ്ഞാനാണ് കെപിസിസി അധ്യക്ഷന്‍ പരാതി ലഭിക്കുന്നത്. ആ പരാതിയാണ് കെപിസിസിക്ക് ആദ്യമായി ലഭിച്ചത്. അതിന് മുമ്പ് അത്തരം പരാതിയൊന്നും വന്നിരുന്നില്ല. ആദ്യത്തെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ പരാതി കെപിസിസി അധ്യക്ഷനും ലഭിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയശേഷമാണ് തങ്ങള്‍ക്ക് പരാതി ലഭിക്കുന്നത്. അതിൽ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ പൊലീസ് തുടര്‍ നടപടി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു. ഇനി രാഹുൽ രാജിവെക്കുകയോ വെക്കാതിരിക്കുകയോ എന്നൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. എന്ത് തീരുമാനമെടുത്താലും കുഴപ്പമില്ല. ഇനി പാര്‍ട്ടിക്ക് യാതൊരു ബാധ്യതയുമില്ല. ഇനി ഒന്ന് രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി കഴിഞ്ഞു. അതിനാൽ രാജിയുടെ കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും എടുത്തോട്ടെ.
പീഡന കേസിലെ പ്രതി സിപിഎം എംഎൽഎയായി ഇപ്പോഴും ഇരിക്കുകയാണ്. അതേക്കുറിച്ച് ചോദിക്കാൻ ആരെങ്കിലും തയ്യാറാകുമോ? ഇത്തരമൊരു നടപടിയെടുക്കാൻ സിപിഎം തയ്യാറാകുമോ? അങ്ങനെയിരിക്കെയാണ് പരാതി ലഭിച്ചയുടനെ കോണ്‍ഗ്രസ് നേതാവിനെതിരെ തങ്ങള്‍ നടപടിയെടുത്തത്. ഇനി കോണ്‍ഗ്രസിനെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യാൻ കഴിയില്ല. രാഹുലിനെതിരെ പരാതി ലഭിക്കുമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ അറിയാമായിരുന്നു. രാഹുലിനെതിരെ നടപടിയെടുക്കണമെന്ന് സര്‍ക്കാരിന് താത്പര്യമുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ അറസ്റ്റ് നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ ഈ വിഷയം ലൈവായി നിലനിര്‍ത്തുകയെന്ന ഉദ്ദേശമായിരുന്നു സിപിഎമ്മിനും സര്‍ക്കാരിനും ഉണ്ടായിരുന്നത്. ശബരിമല സ്വര്‍ണകൊള്ളയടക്കം മറച്ചുപിടിക്കാനായിരുന്നു ഈ കേസ് ലൈവായി നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് പാര്‍ട്ടി ഗംഭീരമായ തീരുമാനമാണ് ഇപ്പോള്‍ സ്വീകരിച്ചത്. ഇത്തരത്തിലൊരു തീരുമാനം സിപിഎമ്മിന് എടുക്കാൻ കഴിയുമോയെന്നും വിഡി സതീശൻ ചോദിച്ചു.