രാഹുല്‍ മാങ്കൂട്ടത്തില്‍ കീഴടങ്ങിയേക്കും, ഹോസ്ദുർഗ് കോടതിയിൽ വൻ പോലീസ് സന്നാഹം

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രത്യേക അന്വേഷംസംഘത്തിന്റെ കസ്റ്റഡിയില്‍. അല്‍പ സമയം മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍ഗോഡ് കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് കോടതിയിലെത്തുകയും രാഹുലിനെ പിടികൂടിയതായി അറിയിക്കുകയുമായിരുന്നു. ഇതോടെ കോടതി സമയം കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ചു. കോടതി പരിസരത്ത് ശക്തമായ പൊലീസ് സന്നാഹം. രാഹുലിനെ കോടതിയിലേക്ക് ഉടന്‍ കൊണ്ടുവന്നേക്കും. രാഹുലിനെ എത്തിക്കുമ്പോള്‍ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ കോടതി പരിസരത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നു

കാസര്‍ഗോഡ് ജില്ലാ പൊലീസ് സൂപ്രണ്ട്, കാഞ്ഞങ്ങാട് ഡിവൈഎസ്പി തുടങ്ങിയവര്‍ കോടതി പരിസരത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രതിഷേധത്തിന് സജ്ജരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും എത്തിച്ചേരുന്നുമുണ്ട്. രാഹുലിന്റെ മുന്‍ വിമര്‍ശനത്തിലുള്ള ശക്തമായ രോഷപ്രകടനം എന്ന നിലയ്ക്ക് പൊതിച്ചോറുമായാണ് ഡിവൈഎഫ്‌ഐ പ്രതിഷേധിക്കാനെത്തിയിരിക്കുന്നത്. ഹോസ്ദുര്‍ഗ് കോടതിയിലേക്ക് രാഹുല്‍ എത്തിച്ചേരുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് പുറത്തുവരുന്ന സൂചനകള്‍. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍സ് സെഷന്‍സ് കോടതി ഇന്ന് തള്ളിയ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി.

എട്ടുദിവസമായി എംഎല്‍എ ഒളിവിലായിരുന്നു. ഇനിയും ഒളിവില്‍ തുടരുന്നത് തുടര്‍ന്ന് നല്‍കുന്ന ജാമ്യ ഹര്‍ജിയുടെ വിധിയേയും കേസിനെ ആകെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് രാഹുലിന് നിയമോപദേശം ഉള്‍പ്പെടെ ലഭിച്ചെന്ന് സൂചനയുണ്ട്. അതിനാല്‍ രാഹുല്‍ ഇന്ന് തന്നെ കീഴടങ്ങിയേക്കുമെന്ന് മുന്‍പുതന്നെ അഭ്യൂഹമുണ്ടായിരുന്നു.