ഇടവേളയ്ക്ക് ശേഷം രാഹുൽ വീണ്ടും മണ്ഡലത്തിൽ

പാലക്കാട്: വിവാദങ്ങൾക്കും നിയമനടപടികൾക്കും പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വീണ്ടും മണ്ഡലത്തിലെത്തുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽദാന ചടങ്ങിനായാണ് രാഹുൽ മണ്ഡലത്തിലേക്ക് വരുന്നത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് മണ്ഡലത്തിലെ ഒരു പൊതുപരിപാടിയിൽ രാഹുൽ പങ്കെടുക്കുന്നത്.

ജനുവരി 11നായിരുന്നു മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ അറസ്റ്റിലായത്. നിലവിൽ മറ്റ് കേസുകളിൽ ജാമ്യത്തിലിറങ്ങിയ രാഹുലിന് തിരിച്ചടിയായി ആദ്യ ബലാത്സംഗക്കേസ് നൽകിയ പരാതിക്കാരി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.പരാതിക്കാരിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിക്കുകയും ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചിരുന്നത്. രാഹുൽ പുറത്ത് തുടരുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും ജാമ്യം അനുവദിച്ചത് നിയമവിരുദ്ധമാണെന്നും യുവതി ഹർജിയിൽ ആരോപിക്കുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ പീഡിപ്പിച്ചുവെന്ന ആരോപണം ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് രാഹുൽ മണ്ഡലത്തിലേക്കെത്തുന്നത്. എന്നാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ സാഹചര്യത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആരാകുമെന്ന ചർച്ചകൾ സജീവമാണ്. നിലവിലെ സാഹചര്യത്തിൽ നടൻ രമേഷ് പിഷാരടി സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം.