‘രാഹുലിന്റെ പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണു;വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ∙ ലൈംഗിക പീഡന ആരോപണം നേരിടുന്ന രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ രാജി വയ്ക്കണോ വേണ്ടയോ എന്ന് രാഹുലും പാർട്ടിയുമാണ് തീരുമാനിക്കേണ്ടതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഹുൽ മാങ്കൂട്ടത്തിന്റെ പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണെന്നും പശ്ചാത്താപം ഉണ്ടെങ്കിൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

‘‘ആദ്യം ന്യായീകരിക്കാൻ ശ്രമിച്ചു. ഇപ്പോൾ പുണ്യാളൻ പരിവേഷം അഴിഞ്ഞുവീണു. കോൺഗ്രസിന്റെ നാശത്തിന്റെ ഒരു കാരണമാണിത്. തെറ്റ് ചെയ്യാത്തവർ ആരുമില്ല. വലിയ രാഹുൽ മാങ്കൂട്ടത്തിൽമാർ ഏറെയുണ്ട്. പക്ഷേ ആരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ല’’– വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസിലും വെള്ളാപ്പള്ളി പ്രതികരിച്ചു. പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ടെന്നും സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ ശ്രമിച്ചതന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്ത്രിയാണ് എല്ലാത്തിനും കാരണമെന്നും അന്വേഷണം ശരിയായ ദിശയിൽ പോയാൽ തന്ത്രിയിൽ എത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.