ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ റെയ്ഡ്, അഞ്ച് കോടി രൂപയും ആഢംഭര വാഹനങ്ങളും പിടിച്ചെടുത്തു

ന്യൂഡൽഹി: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ അഴിമതി കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ റോപർ മേഖലയിലെ ഡിഐജി ഹരിചരൺ സിംഗ് ബുള്ളറാണ് അറസ്റ്റിലായത്. 2009 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ബുള്ളർ എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ആകാശ് ബാട്ട എന്ന വ്യവസായി നൽകിയ പരാതിയിന്മേലാണ് അറസ്റ്റ്.
അഞ്ച് കോടി രൂപ, മെർസിഡസ്, ഓടി തുടങ്ങിയ ആഢംഭര വാഹനങ്ങൾ, ഒന്നരകിലോ സ്വർണ്ണം, 22 വിലകൂടിയ വാച്ചുകൾ തുടങ്ങിയവ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ആകാശ് ബാട്ട നൽകിയ രേഖാമൂലമുള്ള പരാതിയിൽ വ്യാഴാഴ്ചയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
ക്രിമിനൽ കേസ് ഒത്തുത്തീർപ്പാക്കാൻ പ്രാദേശിക വ്യവസായി ആകാശ് ബാട്ടയിൽ നിന്ന് ഉദ്യോഗസ്ഥൻ 8 ലക്ഷം രൂപ കൈക്കൂലി വാങ്ങി. ബാക്കി തുക മാസംതോറും നൽകണമെന്ന് ആവശ്യപ്പെട്ടെന്ന് സിബിഐ പറയുന്നു. എന്നാൽ, തന്റെ പേരിൽ കെട്ടിച്ചമച്ച കേസിൽ ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്ന് ആകാശ് ബാട്ട പറയുന്നു.
കൃഷ്ണ എന്ന ഇടനിലക്കാരൻ വഴിയാണ് ബുള്ളർ പണം വാങ്ങിയത്. പണം നൽകാൻ ഇടനിലക്കാരൻ നിരന്തരം സമ്മർദ്ദം ചെലുത്തിയതായി പരാതിക്കാരൻ പറയുന്നു. സിബിഐ ഒരുക്കിയ കെണിയിലാണ് കൃഷ്ണ പിടിയിലായത്. കൃഷ്ണയ്കക്ക് പണം നൽകിയതിന്റെയും തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ പണം കിട്ടിയെന്ന് സമ്മതിക്കുന്ന ഫോൺ സംഭാഷണങ്ങളുടെയും തെളിവുകൾ സിബിഐക്ക് ലഭിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ബുള്ളറെയും ഇടനിലാക്കരനെയും മൊഹിലിയിലെ ഓഫീസിൽ നിന്നും
സിബിഐ സംഘം ഔദ്യോഗികമായി കസ്റ്റഡിയിൽ എടുത്തു.അറസ്റ്റിന് പിന്നാലെ റോപർ, മൊഹാലി, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ബുള്ളറുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ റെയ്ഡ് നടത്തി. പണത്തിനും ആഭരണങ്ങൾക്കും പുറമെ പഞ്ചാബിലുടനീളമുള്ള വസ്തുക്കളുടെ രേഖകളും സിബിഐക്ക് ലഭിച്ചു. ഇടനിലക്കാരനായ കൃഷ്ണയുടെ വീട്ടിൽ നിന്നും 21 ലക്ഷം പിടിച്ചെടുത്തു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.