മറുനാടന്‍ മലയാളി ഓഫീസിലെ റെയ്ഡ് പൂര്‍ത്തിയായി; കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, മൊബൈല്‍ എന്നിവ പിടിച്ചെടുത്തു

കൊച്ചി: മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ കൊച്ചിയിലെ ഓഫീസിലെ പൊലീസ് റെയ്ഡ് പൂര്‍ത്തിയായി. കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയും ജീവനക്കാരുടെ മൊബൈല്‍ ഫോണും പിടിച്ചെടുത്തു. പരിശോധനയ്ക്ക് ശേഷം മാത്രമേ മൊബൈല്‍ അടക്കം തിരിച്ച് നല്‍കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ കണ്ടെത്താനും, പി. വി ശ്രീനിജന്‍ എംഎല്‍എയ്ക്ക് എതിരായ വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

സംസ്ഥാനത്ത് പലയിടത്തും മറുനാടന്‍ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്. കൊല്ലത്ത് ശ്യാം എന്ന മറുനാടന്‍ മലയാളി റിപ്പോര്‍ട്ടറെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എന്നാല്‍ ശ്യാമിനെ മൊഴി എടുക്കാനായി വിളിപ്പിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് മറുനാടന്‍ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളില്‍ ഇന്ന് രാവിലെ പൊലീസ് പരിശോധന നടത്തി. മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പട്ടത്തുള്ള മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *