തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസത്തിനകം കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ലക്ഷദ്വീപ് മേഖലയിലെത്തി. ഇതിന്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റുമാണ് പ്രവചിക്കുന്നത്.
അതേസമയം, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഈ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.