ചിരഞ്ജീവിയെക്കാണാൻ രാജേശ്വരിയുടെ സൈക്കിൾ താണ്ടിയത് മൈലുകൾ ; തിരികെ മടക്കം ഹൃദയം നിറച്ചൊരു സമ്മാനവുമായി

സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾക്ക് അധികം ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്തനാവുകയാണ്. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയിൽ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു. അതും തന്റെ സൈക്കിളിൽ. ഹൈദരാബാദ് വരെ സൈക്കിളിൽ പോയി തന്റെ അരാധന താരമായ മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്നത് മാത്രമായിരുന്നു രാജേശ്വരിയുടെ ഉള്ളിൽ. ഈ യാത്രയുടെ കഥ അറിഞ്ഞ മെഗാസ്റ്റാർ ഇരുകൈയ്യും നീട്ടിയാണ് രാജേശ്വരിയെ സ്വീകരിക്കാൻ ഒരുങ്ങിയത്.

ഈ യാത്രയും കണ്ടു മുട്ടലും രാജേശ്വരിക്കും തനിക്കും ഒരിക്കലും മറക്കാൻ ആവാത്ത ഒന്നാവണം എന്ന് മെഗാസ്റ്റാർ ചിരഞ്ജീവി തീരുമാനിച്ചിരുന്നു. ചിരഞ്ജീവിയുടെ കയ്യിൽ രാഖി കെട്ടി സന്തോഷം അറിയിച്ച രാജേശ്വരിക്ക്, തന്റെ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായി ഒരു സാരിയാണ് മെഗാസ്റ്റാർ സമ്മാനമായി നൽകിയത്. രാജേശ്വരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും മെഗാസ്റ്റാർ ചിരഞ്ജീവി ഉറപ്പു നൽകി. സ്‌ക്രീനിൽ മെഗാസ്റ്റാർ ആയി വാഴുന്ന ചിരംജീവി ഓഫ് സ്‌ക്രീനിൽ യഥാർത്ഥ ഹീറോ ആയി തന്നെ തുടരുന്നുവെന്ന് ആരാധകർ പറയുന്നു.