പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി ഞാൻ ഏറ്റെടുത്തശേഷം ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല: വി.ശിവൻകുട്ടി

തിരുവനന്തപുരം ∙ നേമം മണ്ഡലത്തിൽ ബിജെപി വിതരണം ചെയ്ത നോട്ടിസിനു മറുപടിയുണ്ടെന്നും കഴിഞ്ഞ 5 വർഷം മണ്ഡലത്തിൽ നടത്തിയ വികസനത്തെക്കുറിച്ചുള്ള സംവാദത്തിനു താൻ തയാറാണെന്നും നേമത്തെ എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. പരസ്യ സംവാദത്തിനുള്ള രാജീവ് ചന്ദ്രശേഖറിന്റെ വെല്ലുവിളി താൻ ഏറ്റെടുത്തശേഷം പിന്നെ ഈ വഴിക്ക് അദ്ദേഹം വന്നിട്ടില്ല. നേമത്തെ ആയുർവേദ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ പൂർണതോതിലുള്ള ആയുർവേദ ആശുപത്രിയാക്കി ഉയർത്താനുള്ള നടപടി നടന്നുവരികയാണ്.
ശാന്തിവിളയിലെ താലൂക്ക് ആശുപത്രിയിൽ 22.24 കോടി രൂപ ചെലവിട്ടുള്ള വികസനമാണു പൂർത്തീകരണത്തിലേക്കു നീങ്ങുന്നത്. ഡയാലിസിസ് അടക്കമുള്ള എല്ലാ ആധുനിക ചികിത്സാ സംവിധാനങ്ങളും ലഭ്യമാകുന്ന ഒരു മികച്ച ആശുപത്രിയായാണു മാറ്റുന്നതതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ നോട്ടിസിലുള്ള ഓരോ ആരോപണത്തിനും തന്റെ പക്കൽ മറുപടിയുണ്ട്. ഏകപക്ഷീയമായി നോട്ടിസ് വിതരണം ചെയ്യാതെ സംവാദത്തിനു തയാറാകാൻ ശിവൻകുട്ടി വെല്ലുവിളിച്ചു.