രാജ്യതലസ്ഥാനത്ത് രാജ്‌നാഥ് സിംഗും പ്രധാനമന്ത്രിയുമായി നിര്‍ണായക കൂടിക്കാഴ്ച

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍. പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗം 40 മിനിറ്റോളം നീണ്ടു. സൈനിക നീക്കങ്ങള്‍ക്ക് പുറമേ സുരക്ഷ,
സര്‍വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ എന്നിവ രാജ്‌നാഥ് സിംങ് യോഗത്തില്‍ വിശദീകരിച്ചു.രാജ്യത്ത് ഭിന്നിപ്പ് ഉണ്ടാക്കാമെന്ന് തീവ്രവാദികളും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വരും കരുതിയിരുന്നു. എന്നാല്‍ ഒറ്റക്കെട്ടായി രാജ്യം അതിനെ നേരിട്ടു എന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു .

ഭീകരാക്രമണത്തിന് പിന്നാലെയും പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ സൈനിക നീക്കങ്ങള്‍ ഉണ്ടാകുമെന്ന സൂചനകള്‍ക്കിടെ റഫാല്‍ കരാറില്‍ ഇന്ത്യയും ഫ്രാന്‍സും ഇന്ന് ഒപ്പുവെക്കും. 26 റഫാല്‍ മറീന്‍ ജെറ്റുകള്‍, ലോജിസ്റ്റിക് പിന്തുണ, ആയുധങ്ങള്‍, പരിശീലന സിമുലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കരാര്‍. 2016 ല്‍ വ്യോമ സേനയ്ക്കായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയിരുന്നു. പുതിയ കരാറോടെ ഇന്ത്യയുടെ റഫാല്‍ ശേഖരം 62 ആയി വര്‍ദ്ധിക്കും.

അതിനിടെ പെഹല്‍ഗാം ആക്രമണം നടത്തിയ ഭീകരരും സൈന്യവുമായി വെടിവെപ്പുണ്ടായി. തെക്കന്‍ കശ്മീരിലെ വനമേഖലയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നാലു തവണ സേന ഭീകരരുടെ തൊട്ടടുത്തു എത്തി.ഹപത് നാര്‍ ഗ്രാമത്തിനടുത്തുള്ള വനങ്ങളിലാണ് ഭീകരരെ ആദ്യം കണ്ടെത്തിയത്. കുല്‍ഗാമിലെ വനങ്ങളിലും ഭീകരരെ കണ്ടു. ഭീകരര്‍ ഒരു വീട്ടില്‍ കയറി ഭക്ഷണം മോഷ്ടിച്ചതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *