ന്യൂഡല്‍ഹി: വരാനിരിക്കുന്ന 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേര്‍ന്ന ഉപസമിതി യോഗത്തിലാണ് ചെന്നിത്തല ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. മെയ് 13ന് രാജസ്ഥാനിലാണ് ചിന്തന്‍ ശിബിര്‍. ഇതില്‍ അവതരിപ്പിക്കേണ്ട സംഘടനാകാര്യങ്ങളുടെ പ്രമേയം തയ്യാറാക്കേണ്ട ഉപസമിതി അംഗമാണ് രമേശ് ചെന്നിത്തല. മുകുള്‍ വാസ്നികാണ് ഉപസമിതിയുടെ കണ്‍വീനര്‍.
കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്നാണ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുളള അധികാരം സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല പ്രധാനമായും മുന്നോട്ട് വെച്ചത്.പ്രവര്‍ത്തന ഫണ്ട് ശേഖരണത്തിനായി ഒരു മാസം നീണ്ടു നില്ക്കുന്ന ഫണ്ട് ശേഖരണം നടത്തണം. കൂടാതെ ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം. ഭാരവാഹികളുടെ എണ്ണം ഭരണഘടനയില്‍ നിശ്ചയിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. ചെറിയ സംസ്ഥാനങ്ങളില്‍ പിസിസി അംഗങ്ങളുടെ എണ്ണം ചെറിയ സംസ്ഥാനങ്ങളില്‍ 50ഉം, വലിയ സംസ്ഥാനങ്ങളില്‍ പരമാവധി 100 പേരെന്നും നിജപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശം വെച്ചു.