മുഖ്യമന്ത്രി ചർച്ചകൾ തള്ളി രമേശ് ചെന്നിത്തല; ‘ആരും അത്തരം ചര്‍ച്ചയിൽ വീഴില്ല, റാലിയിൽ ചിത്രം ഉയര്‍ത്തിയത് തന്‍റെ അറിവില്ലാതെ’

ആലപ്പുഴ: യുഡിഎഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ഇക്കാര്യം തള്ളി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ആരാകുമെന്നതിന്‍റെ ചര്‍ച്ചയ്ക്ക് യാതൊരു പ്രസക്തിയുമില്ലെന്നും ആരും അത്തരം ചര്‍ച്ചയിൽ വീഴില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരാകുമെന്നതിൽ ഹൈക്കമാന്‍ഡ് തീരുമാനിക്കും. അതിന് മുന്‍പ് ആരും ആ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. കോഴിക്കോട്ടെ യുഡിഎഫ് റാലിയിൽ തന്‍റെ ചിത്രം ഉയര്‍ത്തിയത് തന്‍റെ അറിവില്ലാതെയാണെന്നും താൻ ആ സമയം വേദിയിലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മറ്റു ചര്‍ച്ചകള്‍ അനാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ തീർത്തും അനാവശ്യമെന്നാണ് കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയത്. മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ലെന്ന് ശശി തരൂർ എംപിയും തെരഞ്ഞെടുപ്പിനുശേഷം ആരെ മുഖ്യമന്ത്രി ആക്കണം എന്നത് കോൺഗ്രസ് നേതൃത്വം കൂട്ടായി തീരുമാനിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

വലിയ പൊട്ടിത്തെറികൾ ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുകയും പ്രചാരണം ഊർജിതമായി മുന്നേറുകയും ചെയ്യുന്ന ഘട്ടത്തിലായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചുള്ള കെ സുധാകരൻറയും പിജെ കുര്യന്റെയുംപ്രതികരണങ്ങൾ പുറത്തുവന്നത്.മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി എന്ന സിപിഎം, ബി ജെ പി പ്രചാരണത്തിന് ശക്തി പകരുന്ന നിലയിലായി നേതാക്കളുടെ പ്രസ്താവനകൾ. ഈ സാഹചര്യത്തിലാണ് ചർച്ചകൾ അനാവശ്യമെന്ന നിലപാടുമായി കോൺഗ്രസ് ലീഗ് നേതാക്കൾ ഇന്നും രംഗത്ത് എത്തിയത്.തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമന്റാണ് ഇക്കാര്യത്തിൽ തരൂർ

ഇപ്പോഴത്തെ ചർച്ചകൾ തീർത്തും അനാവശ്യമാണ് എന്നും ആരെ മുഖ്യമന്ത്രി ആക്കണം എന്നതിൽ കോൺഗ്രസിന്‍റെ തീരുമാനം പൂർണമായും അംഗീകരിക്കുകയാണ് ലീഗിന്‍റെ രീതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഇന്നലെ കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ രമേശ് ചെന്നിത്തലയുടെ ചിത്രങ്ങളുമായി ഒരു വിഭാഗം പ്രവർത്തകർ എത്തിയത് തർക്കത്തിന് വഴി വച്ചിരുന്നു . ചിത്രങ്ങൾ കീറിയെറിഞ്ഞ് ഒരു വിഭാഗം പ്രതിഷേധിക്കുകയും ചെയ്തു. പ്രചാരണത്തിന്റെ നിർണായക ഘട്ടത്തിൽ ഇത്തരം ചർച്ചകൾ കൂടുതൽ അപകടം സൃഷ്ടിച്ചക്കാമെന്ന വിലയിരുത്തി ആണ് ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്ന അഭിപ്രായം നേതൃത്വത്തിൽ ശക്തമാകുന്നത്.