മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മില്‍ വലിയ ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മില്‍ വലിയ ബന്ധമുണ്ടെന്നും അന്തര്‍ധാര സജീവമാണെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി കഴിഞ്ഞ 7 വര്‍ഷമായി നരേന്ദ്രമോദിയെന്നോ അമിത് ഷായെന്നോ മിണ്ടുന്നില്ല. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണ്. ദേവഗൗഡ പറഞ്ഞത് വളരെ ശരിയാണെന്നാണ് കരുതുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്ത് വരുന്നു. എല്ലാം രാഷ്ട്രീയ കച്ചവടത്തിന്റെ ഭാഗമാണ്. ഇത്രയും വലിയ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി മറുപടി പറയണം. എന്ത് കൊണ്ട് കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നുവെന്ന ചോദ്യവും ചെന്നിത്തല ഉയര്‍ത്തി.
ദേശീയതലത്തില്‍ ബിജെപിയുമായി സഖ്യം ചേരാന്‍ ജെഡിഎസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണസമ്മതം നല്‍കിയെന്ന് ജെഡിഎസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ നടത്തിയ പരാമര്‍ശമാണ് രാഷ്ട്രീയ കേരളത്തില്‍ വലിയ ചര്‍ച്ചയായത്. ബിജെപി സഖ്യം ജെഡിഎസ്സിനെ രക്ഷിക്കാനാണെന്ന് തിരിച്ചറിഞ്ഞ സംസ്ഥാനഘടകവും ഈ നീക്കത്തിന് പിന്തുണ നല്‍കിയെന്നും ദേവഗൗഡ വ്യക്തമാക്കി. എന്നാല്‍ ദേവഗൗഡയുടെ പ്രസ്താവനയെ പൂര്‍ണമായും തള്ളി ജെഡിഎസ് സംസ്ഥാനഘടകം രംഗത്തെത്തി.