ബലാത്സംഗ കേസ്: രാഹുലിന്റെ അറസ്റ്റുതടഞ്ഞത് നീട്ടി ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റുതടഞ്ഞത് ഈ മാസം 21വരെ ഹൈക്കോടതി നീട്ടി. ഇതിനൊപ്പം ആദ്യ ബലാത്സംഗക്കേസിലെ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ അതിജീവിതയെ കക്ഷിചേർക്കുകയും ചെയ്തു.
വിശദമായ മറുപടി സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിജീവിതയുടെ അഭ്യർത്ഥന പരിഗണിച്ചശേഷമായിരുന്നു കോടതിയുടെ നടപടി. 21ന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദവാദം കേൾക്കും. സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾകൂടി പരിഗണിച്ചശേഷമായിരിക്കും കോടതി മുൻകൂർ ജാമ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ രാഹുലിനെ അറസ്റ്റുചെയ്യുന്നത് ഇന്നുവരെയാണ് കോടതി തടഞ്ഞിരുന്നത്. തനിക്കെതിരെ രാഹുലിന്റെ അനുയായികളും, സുഹൃത്തുക്കളും നിരന്തരം സൈബർ ആക്രമണം നടത്തുന്നു എന്ന പരാതി അതിജീവിത തിരുവനന്തപുരം സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞദിവസം, അതിജീവിതയുടെ ഭർത്താവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു .രണ്ട് മാസം മാത്രം നീണ്ട തന്റെ കുടുംബജീവിതം തകരാൻ കാരണം രാഹുലാണെന്നും വലിയ നാശനഷ്ടം സംഭവിച്ചുവെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു.
താനും ഭാര്യയുമായുള്ള പ്രശ്നം തീർക്കാനാണ് രാഹുൽ ശ്രമിച്ചെന്നായിരുന്നു വാദം. എന്നാൽ ഇത്തരത്തിൽ ഒരു നീക്കവും രാഹുലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. സമൂഹമാദ്ധ്യമങ്ങളിൽ തന്റെ ലൈംഗികശേഷിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള മോശപ്പെട്ട പ്രതികരണങ്ങൾ കാണാനിടയായി. മാനസികമായി തകർച്ചയിലേക്ക് നയിച്ചു. കുടുംബത്തിന്റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും അതിജീവിതയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.