റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; വിതരണത്തിലെ മാറ്റങ്ങളറിയാം, ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം നീട്ടി

തിരുവനന്തപുരം: തകരാര്‍ പരിഹരിച്ചതോടെ സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മൂന്ന് ദിവസത്തിന് ശേഷമാണ് ഇ – പോസ് സംവിധാനം മുഖേനെയുള്ള റേഷന്‍ വിതരണം ആരംഭിച്ചത്. സെര്‍വറിലെ തകരാര്‍ മൂലമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം തടസപ്പെട്ടത്.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ട സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് അഞ്ചാം തീയതിവരെ നീട്ടിയിട്ടുണ്ട്. മെയ് ആറ് മുതലാകും മെയ് മാസത്തെ റേഷന്‍ വിതരണം ആരംഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കിയിരുന്നു.

തൃശൂര്‍, പാലക്കാട്, കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ ഇന്ന് രാവിലെ എട്ട് മണിമുതല്‍ ഒരു മണിവരെ റേഷന്‍ വിതരണം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ഏഴ് മണിവരെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ റേഷന്‍ വിതരണം ചെയ്യും. മെയ് രണ്ട് മൂന്ന് തീയതികളിലും സമാനമായ രീതിയില്‍ റേഷന്‍ വിതരണം തുടരും. മെയ് നാലിനും അഞ്ചിനും റേഷന്‍ കടകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും.

റേഷന്‍ വിതരണത്തില്‍ സാങ്കേതിക പ്രശ്‌നം നേരിട്ടതിനാല്‍ വരും ദിവസങ്ങളില്‍ ഇടപാട് സൂക്ഷമമായി വീക്ഷിക്കും. ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ നേരിടാന്‍ പൊതുവിതരണ വകുപ്പിലെ ജില്ലാ സപ്ലൈ ഓഫീസര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ടാകുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. സെര്‍വര്‍ തകരാര്‍ മൂലമാണ് സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം മുടങ്ങിയതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *