കേരളത്തിലെ സമീപകാല പൊലീസിന്റെ മർദനങ്ങൾ ; നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച, പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ച് റോജി എം ജോൺ

നിയമസഭയിൽ പിണറായി വിജയന്റെ പഴയ പ്രസംഗം ഓർമിപ്പിച്ചു റോജി എം ജോൺ എംഎൽഎ. അന്ന് പൊലീസ് മർദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസ് ആണ് ഇപ്പോൾ സുജിത്തിനെ മർദ്ദിച്ചതെന്ന് റോജി പറഞ്ഞു. ജനാധിപത്യ പരമായി ചോദ്യം ചെയ്തതിനാണ് മർദ്ദനം. രാജ ഭരണ കാലത്തെ ഓർമിപ്പിക്കുന്ന പെരുമാറ്റമായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടി. നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോൺ എംഎൽഎ പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്ത് നേരിട്ട പൊലീസിൻ്റെ കസ്റ്റഡി മർദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തിൽ റോജി സംസാരിച്ചത്. പൊലീസ് കസ്റ്റഡി മർദനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നൽകുകയായിരുന്നു.
സുജിത്തിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും 45 ലധികം തവണയാണ് പൊലീസ് മർദിച്ചതെന്നും റോജി എം ജോൺ പറഞ്ഞു. കള്ളക്കേസിൽ കുടുക്കാനും ശ്രമിച്ചു. സസ്പെൻഷൻ ഒരു നടപടി അല്ല. സിസിടിവി ദൃശ്യം നേരത്തെ പൊലീസ് മേലധികാരികൾ കണ്ടു. പൊലീസ് ഗുണ്ടാ സംഘമായി. നിരന്തര നിയമ പോരാട്ടം നടത്തിയില്ലെങ്കിൽ പുറം ലോകം അറിയുമായിരുന്നോ. സസ്പെന്റ് ചെയ്ത് മാതൃക കാട്ടിയെന്ന് ദയവായി ന്യായാകരിക്കരുത്. സസ്പെൻഷൻ ജാള്യത മറയ്ക്കാൻ വേണ്ടിയാണ്. ആദ്യം എടുത്തത് സ്ഥലം മാറ്റം മാത്രമായിരുന്നു. പൊലീസ് ക്ലബിലെ പഞ്ചിങ് ബാഗിൽ ഇടിക്കും പോലെ സുജിത്തിനെ ഇടിച്ചു. മർദിച്ചവരെ സേനയിൽ നിന്ന് നീക്കണം. സിസിടിവി ദൃശ്യം പുറത്തു വരാതിരിക്കാൻ ശ്രമിച്ചുവെന്നും റോജി പറഞ്ഞു. പീച്ചിയിലെ മർദ്ദനവും എടുത്തു പറഞ്ഞു കൊണ്ടായിരുന്നു റോജിയുടെ പ്രസംഗം.
സിസിടിവിക്ക് മുന്നിൽ പൊലീസ് കാശ് എണ്ണി വാങ്ങുകയാണ്. കമ്മീഷൻ 60% ആക്കി കൂട്ടിയിരിക്കുകയാണ് സേന. കാശ് വാങ്ങിയ എസ്ഐക്ക് പ്രൊമോഷൻ നൽകി. കുണ്ടറയിൽ സൈനികനെ തല്ലി ചതച്ചു. ഒന്നും മറക്കാനില്ലെങ്കിൽ കുണ്ടറ സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്ത് വിടണം. അടൂരിൽ ഡിവൈഎഫ്ഐ നേതാവ് ജോയലിനെ പൊലീസ് ഇടിച്ചുവെന്ന് ബന്ധുക്കൾ തന്നെ പറയുന്നു. സിപിഎം ലോക്കൽ സെക്രട്ടറിക്ക് വരെ പൊലീസിൽ നിന്ന് രക്ഷ ഇല്ല. പേരൂർക്കട സ്റ്റേഷനിൽ ബിന്ദുവിനെ കള്ളി ആക്കാൻ ശ്രമിച്ചു. കുടി വെള്ളം പോലും ബിന്ദു വിനു കൊടുത്തില്ല. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ മൗനമാണ്. കുന്നം കുളം കേസിൽ മാത്രം സസ് പെൻഷൻ. ബാക്കി ഒന്നിലും നടപടി ഇല്ല. എല്ലാം പഴയ കേസ് എന്ന് പറയുകയാണ് മുഖ്യമന്ത്രിയെന്നും റോജി എം ജോൺ പറഞ്ഞു.