ഗുരുവായൂരപ്പന് 1.51 കോടി രൂപ കാണിക്കയായി സമര്‍പ്പിച്ച്‌ മുകേഷ് അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. മുകേഷിനൊപ്പം മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റ്, റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദി എന്നിവരും ദര്‍ശനത്തിന് എത്തിയിരുന്നു.
ദര്‍ശനത്തിന് ശേഷം ഭഗവാന് 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നല്‍കി. 1.51 കോടി രൂപയുടെ ചെക്ക് ദര്‍ശനത്തിന് ശേഷം അദ്ദേഹം ദേവസ്വം ഭാരവാഹികള്‍ക്ക് കൈമാറി. അന്നദാനഫണ്ടിലേക്കാണ് തുക നല്‍കിയത്.

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. തിരുപ്പതിയില്‍ 1.5 കോടി രൂപയാണ് കാണിക്കായി സമര്‍പ്പിച്ചത്

ശ്രീവല്‍സം ഗസ്റ്റിനു സമീപം തെക്കേ നടപ്പന്തലിന് മുന്നില്‍ വെച്ച് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രന്‍, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ. പി.വിനയന്‍ എന്നിവര്‍ ചേര്‍ന്ന് അംബാനിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

ഗുരുവായൂരിലേക്ക് വന്നിട്ട് കുറച്ചു കാലമായെന്നും ഇടവേളയ്ക്ക് ശേഷം വീണ്ടും വരാനായതില്‍ സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെ ദര്‍ശനം നടത്തിയ മുകേഷ് നമസ്‌ക്കാര മണ്ഡപത്തിന് സമീപത്തെ വിളക്കില്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം നെയ്യ്അര്‍പ്പിച്ചു. 20 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച അദ്ദേഹം പ്രസാദകിറ്റും വാങ്ങിയാണ് യാത്രയായത്.

Leave a Reply

Your email address will not be published. Required fields are marked *