ദുരിതാശ്വാസനിധി ദുരുപയോഗ കേസ്: വിശദവാദത്തിനു മാറ്റി ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ഫുള്‍ബെഞ്ചിനുവിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരായ ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ െഹെക്കോടതി മാറ്റി. ലോകായുക്ത ഉത്തരവ് താല്‍ക്കാലികമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് എസ്.വി. ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചില്ല. ഹര്‍ജി അടുത്ത മാസം ഏഴിനു കോടതി വീണ്ടും പരിഗണിക്കും. ലോകായുക്ത ഫുള്‍ബെഞ്ച് അടുത്ത ആറിനാണ് കേസ് പരിഗണിക്കുന്നത്.

ദുരിതാശ്വാസനിധി ദുരുപയോഗം ആരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ഫുള്‍ബെഞ്ചിനു വിട്ട ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ ആര്‍.എസ്. ശശികുമാര്‍ െഹെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രാഥമികാന്വേഷണം നടത്തി വാദം കേട്ടശേഷം വിശദാന്വേഷണത്തിന് ഉത്തരവിട്ടതായതിനാല്‍ വിഷയം വീണ്ടും അന്വേഷിക്കാന്‍ മൂന്നംഗ ബെഞ്ചിനു വിടുന്നത് ലോകായുക്ത നിയമത്തിനു വിരുദ്ധമാണ്. അതിനാല്‍ വാദം കേട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ച് തന്നെ ഹര്‍ജിയില്‍ ഉത്തരവു പുറപ്പെടുവിക്കാന്‍ നിര്‍ദേശം നല്‍കണമെന്നായിരുന്നു ആവശ്യം.

എന്‍.സി.പി. നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ: രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്കു പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചതിനെതിരേയാണ് പരാതിക്കാരന്‍ ലോകായുക്തെയ സമീപിച്ചത്. സി.പി.എം. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ െപെലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *