ഇരവിപുരം നിയമസഭാ സീറ്റിനെചൊല്ലി ആർഎസ്‌പിയിൽ ഉണ്ടായ ആഭ്യന്തര കലഹത്തിന് പിന്നാലെ രാജി

കൊല്ലം: ഇരവിപുരം നിയമസഭാ സീറ്റിനെചൊല്ലി ആർഎസ്‌പിയിൽ ഉണ്ടായ ആഭ്യന്തര കലഹത്തിന് പിന്നാലെ രാജി. ആർഎസ്‌പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ നൗഷാദാണ് പാർട്ടിയിൽ നിന്നും രാജിവച്ചതായി പ്രഖ്യാപിച്ചത്. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ തഴഞ്ഞ് എൻ കെ പ്രേമചന്ദ്രൻ എംപി സ്വന്തം താൽപര്യപ്രകാരം ഒരു സമവായ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതുകൊണ്ടാണ് രാജിയെന്ന് നൗഷാദ് വ്യക്തമാക്കി. ‘സ്വന്തം മകന് സീറ്റ് നൽകണം എന്ന പ്രേമചന്ദ്രന്റെ ദുർവാശിയാണ് പാർട്ടിയുടെ വിജയസാദ്ധ്യത ഇല്ലാതാക്കാൻ കാരണം.

ആ‌‌‌ർഎസ്‌പി എന്നത് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എന്നാണെന്നും അല്ലാതെ റെവല്യൂഷനറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി എന്നല്ല’ നൗഷാദ് പറഞ്ഞു.പ്രേമചന്ദ്രൻ തന്റെ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നെന്നും വരുംദിവസങ്ങളിൽ തദ്ദേശ പ്രതിനിധികളും മുൻ കൗൺസിലർമാരുമടക്കം നിരവധി പ്രവർത്തകർ പാർട്ടി വിടുമെന്ന് നൗഷാദ് അറിയിച്ചു. പാർട്ടി തീരുമാനങ്ങൾ ഒരു കേന്ദ്രത്തിലേക്ക് മാത്രമായി ചുരുങ്ങുന്നെന്നും മുന്നണിമാറ്റമടക്കം കാര്യങ്ങൾ പ്രേമചന്ദ്രന്റെ വ്യക്തിപരമായ ലാഭത്തിന് വേണ്ടിയായിരുന്നെന്നും നൗഷാദ് വിമർശിച്ചു.

ഇരവിപുരം സീറ്റിൽ പാർട്ടിയിൽ ഏറെ പറഞ്ഞുകേട്ട പേരായിരുന്നു എൻ നൗഷാദിന്റേത്. പക്ഷെ കാർത്തിക് പ്രേമചന്ദ്രന് അവസരം നൽകണമെന്ന് എൻ കെ പ്രേമചന്ദ്രൻ വാദിച്ചു. ഷിബു ബേബിജോൺ വിഭാഗം ഇത് അംഗീകരിക്കില്ലെന്ന നിലപാടെടുത്തു. ഇതോടെ തർക്കം രൂക്ഷമായി. സമവായ സ്ഥാനാർത്ഥിയായി യുവനേതാവ് അഡ്വ. വിഷ്‌ണുമോഹനെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ അസീസ് നേരത്തെ കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് നടന്ന ജില്ല, സംസ്ഥാന കമ്മിറ്റി യോഗങ്ങളൊക്കെ പ്രഹസനമായെവന്ന് നൗഷാദ് ആരോപിച്ചു.