ചെന്നൈ: സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വിമര്‍ശനവുമായി നടന്‍മാരായ കമല്‍ ഹാസനും വിജയ് സേതുപതിയും രംഗത്തെത്തി.
ഇത്തരത്തിലുള്ള വിവേചനം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടതെന്നും വിജയ് സേതുപതി പറഞ്ഞു.
മറ്റാെരു മനുഷ്യനെ അടിച്ചമര്‍ത്തുന്നവര്‍ക്കെതിരെ നമ്മള്‍ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചിമ്പുവിന്റെ ‘പത്ത് തല’ എന്ന ചിത്രം ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ രോഹിണി തിയേറ്റര്‍ അധികൃതര്‍ ആദിവാസി കുടുംബത്തെ അകത്ത് പ്രവേശിപ്പിച്ചിരുന്നില്ല.
മാര്‍ച്ച് 30നായിരുന്നു സംഭവം. ഈ വിവേചനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള പ്രതിേഷങ്ങളാണ് ഉയരുന്നത്.സംഭവത്തിനെ അപലപിച്ച് കമല്‍ഹാസനും രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
സംഭവത്തിന്റെ ഒരു മാദ്ധ്യമ റിപ്പോര്‍ട്ടാണ് അദ്ദേഹം പങ്കുവച്ചത്. ആദിവാസി വിഭാഗത്തിന്റെ കൈയില്‍ ടിക്കറ്റ് ഉണ്ടായിട്ടും സിനിമ കാണാന്‍ അനുവദിച്ചില്ല. വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കുടുംബത്തിന് തിയേറ്ററില്‍ പ്രവേശനം നല്‍കിയതെന്നും അദ്ദേഹം കുറിച്ചു.
സിനിമ കാണാനായി ടിക്കറ്റ് എടുത്ത് വന്ന ‘നരിക്കുറവ’ വിഭാഗത്തില്‍പ്പെട്ട ആദിവാസി കുടുംബത്തെയാണ് ഹാളിനുള്ളില്‍ പ്രവേശിപ്പിക്കാതെ ഇരുന്നത്. ഇതിന്റെ വീഡിയോകള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി തിയേറ്റര്‍ അധികൃതരും രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളത്. 12വയസിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമകള്‍ കാണാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം
காசு கொடுத்து டிக்கெட் வாங்கினப்புறம் என்னடா இது @RohiniSilverScr pic.twitter.com/bWcxyn8Yg5
— Sonia Arunkumar (@rajakumaari) March 30, 2023