കച്ചവടക്കാർക്ക് പത്ത് ദിവസത്തേക്ക് 80,000 രൂപ വാടക, ഒപ്പം താമസവും; പാലായിൽ ജനങ്ങളുടെ തിക്കിനും തിരക്കിനും കാരണം സുരേഷ് ഗോപി

കോട്ടയം: പാലാക്കാരുടെ ഏറ്റവും വലിയ ആഘോഷമാണ് പാലാ ജൂബിലി പെരുന്നാൾ. ഡിസംബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലാക്കാർ പെരുന്നാൾ ആഘോഷത്തിലാണ്. രാത്രി ആളുകളുടെ തിക്കും തിരക്കുമാണ്. പക്ഷേ, ഇതെല്ലാം പാലാക്കാരല്ല, ഒപ്പം ജൂനിയർ ആർട്ടിസ്റ്റുകളും ഉണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇപ്പോൾ പാലാ ജൂബിലി മാതൃകയിൽ ആഘോഷം നടത്തുന്നത്. പാലാക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കുരിശുപള്ളി ജംഗ്‌ഷനിലാണ്.

സിനിമയുടെ പ്രധാന ഭാഗമാണ് പാലാ ജൂബിലി പെരുന്നാൾ. നായകൻ സുരേഷ് ഗോപി ഉൾപ്പെട‌െയുള്ള താരങ്ങൾ സ്ഥലത്തുണ്ട്. വലിയ ജനക്കൂട്ടത്തിനൊപ്പം പ്രദക്ഷിണത്തിൽ സുരേഷ് ഗോപി പങ്കെടുക്കുന്ന സീനുകളാണ് കഴിഞ്ഞ ദിവസം ഷൂട്ട് ചെയ്‌തത്. ഫൈറ്റ് സീനും ഒരു പാട്ടും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ട്. ഡിസംബറിൽ നടക്കുന്ന യഥാർത്ഥ ജൂബിലിയെ അതേപടി പകർത്തുകയാണിവിടെ. രാത്രി ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഷൂട്ടിംഗ് പുലർച്ചെ അഞ്ച് വരെ നീളും.

ജൂബിലി യഥാർത്ഥമായി തോന്നാൻ ഷൂട്ടിംഗ് നടക്കുന്ന ഭാഗത്തെ കടകളെല്ലാം വെളുപ്പിന അഞ്ച് മണിവരെ വൈദ്യുത അലങ്കാരത്തോടെ തുറന്നിടും.ജൂബിലിയിൽ മാതാവിന്റെ പ്രദക്ഷിണം രണ്ട് ദിവസമാണ്. എന്നാൽ, സിനിമയിൽ പത്ത് ദിവസം നീളുന്ന പ്രദക്ഷിണമാണ് നടക്കുന്നത്. കുരിശുപള്ളിയുടെ മുന്നിലെ റോഡ് മുഴുവനും ഉപയോഗിച്ചാണ് പ്രദക്ഷിണം ഷൂട്ട് ചെയ്യുന്നത്.

ഇതിനായി രാത്രി ഒമ്പതിന് ശേഷം ഇവിടെ ഗതാഗത നിയന്ത്രണം ഉണ്ട്. പാലാക്കാർ ഉൾപ്പെടെ ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുക്കുന്നുണ്ട്. ഗുരുവായൂരിൽ നിന്നുൾപ്പെടെയാണ് വഴിയോരക്കച്ചവടക്കാരെ എത്തിച്ചിരിക്കുന്നത്. പത്ത് ദിവസത്തേക്ക് 80,000 രൂപ വരെ ഇവർക്ക് വാടക നൽകുന്നുണ്ട്. കൂടാതെ താമസവും ഒരുക്കി നൽകും. മുത്തുക്കുടകളും കുരിശും മാതാവിന്റെ രൂപവുമെല്ലാം പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസം 28ന് തുടങ്ങിയ ഷൂട്ടിംഗ് ഈ മാസം ഒമ്പതിനാണ് അവസാനിക്കുക. ചങ്ങനാശേരിക്കാരനായ മാത്യു തോമസ് പ്ലാമൂട്ടിലാണ് ചിത്രത്തിന്റെ സംവിധായകൻ. മാത്യുവിന്റെ ആദ്യ ചിത്രമാണിത്. ഇന്ദ്രജിത്ത്, ലാൽ, ജോണി ആന്റണി, ലാലു അലക്‌സ് തുടങ്ങിയവരും ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്ഥലത്തെത്തുന്നുണ്ട്. ഭരണങ്ങാനം സ്വദേശിയായ ഷിബിൻ ഫ്രാൻസിസാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രാഹകൻ.