ശബരിമലയിലെ തിരക്ക്; മുന്നൊരുക്കക്കുറവില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

ശബരിമലയിലെ അസാധാരണ തിരക്കിന്റെ പശ്ചാത്തലത്തില്‍ നടന്ന സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. സന്നിധാനത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഒരു മുന്നൊരുക്കവും നടത്തിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഇങ്ങനെയൊരു ദുരിതം ഒരിക്കലും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഉറങ്ങുകയാണ്, എന്ന് ചെന്നിത്തല കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഭക്തര്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വേണ്ടത്ര പോലീസിനെ നിയോഗിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവസ്വം മന്ത്രിയുടെ അഭാവവും അദ്ദേഹം ചോദ്യം ചെയ്തു.
ശബരിമലയിലെ സ്വര്‍ണം മാത്രം അടിച്ചുമാറ്റാനാണ് താല്‍പര്യം. ശബരിമലയെ തകര്‍ക്കുകയാണ് ലക്ഷ്യം, എന്നും ചെന്നിത്തല ആരോപിച്ചു. അയ്യപ്പഭക്തന്മാരോട് കരുണ കാണിക്കണമെന്നും ഭക്തരുടെ സുരക്ഷക്കും സൗകര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.