ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; ജയശ്രീയും എസ്. ശ്രീകുമാറും കീഴടങ്ങണമെന്ന് കോടതി

കൊച്ചി/കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇരുവരുടെയും ജാമ്യാപേക്ഷ തളളിക്കൊണ്ടുളള ഉത്തരവിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. ഇരുവരുടെയും ജാമ്യാപേക്ഷ ജസ്റ്റീസ് ബദറുദ്ദീന്‍ ഇന്നലെ നിരസിച്ചിരുന്നു. സന്നിധാനത്തെ അമൂല്യവസ്തുക്കളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തളളുന്നതെന്നും ഉത്തരവിലുണ്ട്. ഇതിനിടെ, കേസില്‍ പ്രതിയായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ് ബൈജുവിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കെ.എസ് ബൈജുവിന്റെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ഇതിനിടെ, ശബരിമല സ്വര്‍ണ കൊള്ളയിലെ കള്ളപ്പണ വെളുപ്പിക്കല്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി രേഖകള്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊല്ലം വിജിലന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കേസിലെ എഫ്‌ഐആറും മൊഴി പകര്‍പ്പും അടക്കമുള്ള അനുബന്ധ രേഖകളും വേണമെന്നാണ് ആവശ്യം. ഇഡിയുടെ അപേക്ഷ ഡിസംബര്‍ പത്തിന് കോടതി പരിഗണിക്കും. സ്വര്‍ണ കൊള്ള കേസില്‍ അന്വേഷണം നടത്തുന്നതിന് മുന്നോടിയായിട്ടാണ് രേഖകള്‍ ആവശ്യപ്പെട്ടുള്ള കേന്ദ്ര ഏജന്‍സിയുടെ നീക്കം.

മുന്‍ അഡ്മിനിസ്‌ട്രേറ്റീസ് ഓഫീസര്‍ എസ് ശ്രീകുമാര്‍ , മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീ എന്നിവരുടെ ജാമ്യ ഹര്‍ജികള്‍ ഇന്നലെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്. ഇരുവര്‍ക്കും ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എസ് ഐ ടി അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. ഉദ്യോഗസ്ഥനെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം. അതേസമയം, കേസില്‍ പ്രതിയായ ദേവസ്വം മുന്‍ പ്രസിഡന്റ് എന്‍ വാസുവിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. നേരത്തെ ഒരു തവണ റിമാന്‍ഡ് നീട്ടിയിരുന്നു. റിമാന്‍ഡ് നീട്ടുന്നതിനായി എന്‍ വാസുവിനെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലെത്തിക്കും. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതിയായ എന്‍ വാസുവിന്റെ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിന് കൊല്ലം വിജിലന്‍സ് കോടതി തള്ളികളഞ്ഞിരുന്നു. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസു നല്‍കിയ ശുപാര്‍ശുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പാണെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും താന്‍ വിരമിച്ചതിനുശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നുമാണ് എന്‍ വാസുവിന്റെ വാദം.