ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണ വലയത്തില്‍ കൂടുതല്‍ ഉന്നതര്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാകുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പരിധിയില്‍ കൂടുതല്‍ ഉന്നതര്‍ എത്തിയിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളുമായും പൊലീസ് ഉന്നതരുമായും മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ഉണ്ടായിരുന്ന അടുപ്പം വ്യക്തമാക്കുന്ന ഫോണ്‍ രേഖകള്‍ എസ്ഐടിക്ക് ലഭിച്ചു. പണമിടപാട് വിവരങ്ങളും യാത്രാ രേഖകളും പോറ്റി തന്റെ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍.
കൊടിമര പുനപ്രതിഷ്ഠ ദേവപ്രശ്ന വിധി പ്രകാരമാണെന്ന് വ്യക്തമാക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അനധികൃതമായി പെയിന്റ് അടിച്ചതും കൊടിമരത്തിന്റെ ജീര്‍ണാവസ്ഥയുമാണ് മാറ്റത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്ന ദേവപ്രശ്ന ചാര്‍ത്ത് പുറത്തുവന്നു. പുനപ്രതിഷ്ഠയ്ക്ക് നിര്‍ദേശം നല്‍കിയത് യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച, എം വി ഗോവിന്ദന് നായര്‍ പ്രസിഡന്റായുള്ള ബോര്‍ഡാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോര്‍ഡാണ് തീരുമാനം നടപ്പാക്കിയതെന്നും രേഖകളില്‍ പറയുന്നു.
അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ വ്യാപക റെയ്ഡുകള്‍ക്ക് പിന്നാലെ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധിച്ചു തുടങ്ങി. ഉണ്ണികൃഷ്ണന് പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കേസില്‍ അറസ്റ്റിലായ ബി. മുരാരി ബാബുവിന്റെ ജാമ്യഹര്‍ജി ഇന്ന് കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കും.