ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും

ശബരിമല ദ്വാരപാലക സ്വര്‍ണ്ണപാളി വിവാദത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ദേവസ്വം വിജിലന്‍സാണ് ചോദ്യം ചെയ്യുക. അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് കാരേറ്റിലെ വീട്ടിലേക്ക് എത്തിയത്.

സ്വര്‍ണ്ണം പൂശാന്‍ സന്നിധാനത്ത് നിന്ന് 2019 ജൂലൈ 20 ന് കൊണ്ടുപോയ സ്വര്‍ണപ്പാളി ഓഗസ്റ്റ് 25നാണ് ചെന്നൈയില്‍ എത്തിയത്. ഇതിനിടയിലെ കാലയളവാണ് വിജിലന്‍സ് സംശയിക്കുന്നത്.

അതേസമയം, ആരാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ഹൈക്കോടതി ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന്റെ കൈയ്യില്‍ ഉത്തരമില്ല. പിന്നെന്തിനാണ് 2019 ലും – 2025 ലും ദ്വാരപാലക സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടത് എന്ന് ചോദിച്ചാല്‍ ഉദ്യോഗസ്ഥ തല വീഴ്ച് സംഭവിച്ചുവെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ മറുപടി.

എന്നാല്‍ ശബരിമല വിവാദം രാഷ്ട്രീയ ആയുധമാക്കാനാണ് UDF നീക്കം. സ്‌പോണ്‍സറെ പഴിചാരി വിവാദങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ദേവസ്വം ബോര്‍ഡിന് ആവില്ലെന്നും അയ്യപ്പന്റെ പണം എടുത്തവര്‍ ഒരുകാലത്തും ഗതി പിടിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ നിലപാട്. സ്വര്‍ണ്ണപാളി വിഭാഗവുമായി ബന്ധപ്പെട്ട വിജിലന്‍സ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉടന്‍ ചോദ്യം ചെയ്യും. ഈ മാസം 27ന് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചേക്കും.