ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം: നടന്നത് കളവെന്ന് വിഡി സതീശന്‍

ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും പാളികള്‍ ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിട്ടു. നടന്നത് കളവെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. 1,2 പിണറായി സര്‍ക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അക്കാലയളവിലെ ദേവസ്വം പ്രസിഡന്റുമാരും ഉത്തരവാദികള്‍. കൊടുത്തയച്ചവര്‍ക്ക് കമ്മീഷന്‍ കിട്ടിക്കാണുംമെന്നും സതീശന്‍ ആരോപിച്ചു. GST 200 കോടിയുടെ തട്ടിപ്പില്‍ ധനമന്ത്രി മിണ്ടുന്നില്ല. ആകെ ചെയ്തത് വ്യാജ രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടപാടുകളില്‍ അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലന്‍സ്. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വര്‍ണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലും വിജിലന്‍സ് അന്വേഷണം നടത്തും. ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വര്‍ണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും.
അതിനിടെ സ്വര്‍ണ്ണപ്പാളി ബംഗളൂരുവില്‍ എത്തിച്ചെന്ന് വിജിലന്‍സ് ഇന്നലെ കണ്ടെത്തിയിരുന്നു. ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ് സ്വര്‍ണ്ണപ്പാളി എത്തിച്ചത്. ഈ ക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരന്‍ ആയിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. 2019ല്‍ ആയിരുന്നു സ്വര്‍ണ്ണപ്പാളി ബംഗളൂരുവില്‍ എത്തിച്ചത്. ഈ കണ്ടെത്തല്‍ ശരിവെച്ച് ക്ഷേത്രം ഭാരവാഹികള്‍ രംഗത്തെത്തി. ശ്രീകോവിലിലേക്കുള്ള വാതില്‍ എന്ന പേരിലുള്ള വസ്തു ബെംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചിരുന്നുവെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി പറഞ്ഞു. ക്ഷേത്രത്തില്‍ പൂജ നടത്തുകയും ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യവും ഒരുക്കുകയും ചെയ്തുവെന്നും ട്രസ്റ്റി പറഞ്ഞു.