ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യഹര്‍ജി വിധി പറയാനായി മാറ്റി. ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍ നിന്നുള്ള സ്വര്‍ണ്ണമോഷണവുമായി ബന്ധപ്പെട്ട കേസിലാണ് കൊല്ലം വിജിലന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായത്. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ റിമാന്‍ഡ് കൂടി 14 ദിവസത്തേക്ക് നീട്ടാനും കോടതി ഉത്തരവിട്ടു.

തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ.എസ്. ബൈജുവിന്റെ ജാമ്യഹര്‍ജി ഈ മാസം 11-ന് പരിഗണിക്കും. റിമാന്‍ഡിലായി 90 ദിവസം പിന്നിട്ടുവെന്നത് ചൂണ്ടിക്കാട്ടിയാണ് സ്വാഭാവിക ജാമ്യം തേടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്.

ഇതിനുമുന്‍പ് ദ്വാരപാലക ശില്‍പ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ദ്വാരപാലക ശില്പ കേസില്‍ 90 ദിവസത്തെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിന് പിന്നാലെയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. തുടര്‍ന്ന് കഴിഞ്ഞ 31-ന് റിമാന്‍ഡിലായി 90 ദിവസം പൂര്‍ത്തിയായതായി കാണിച്ചാണ് കട്ടിളപ്പാളി കേസിലും ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

2019-ലാണ് സ്‌പോണ്‍സര്‍ എന്ന നിലയില്‍ സ്വര്‍ണ്ണം പൂശാനുള്ള വ്യാജ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സന്നിധാനത്തിലെ ദ്വാരപാലക ശില്പങ്ങളിലെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോയത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു സ്വര്‍ണ്ണമോഷണം നടന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

നിലവില്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണമോഷണവും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണ്ണമോഷണവും ഉള്‍പ്പെടെയുള്ള കേസുകളിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രതിയായി ചേര്‍ത്തിരിക്കുന്നത്.