ശബരിമല സ്വർണക്കൊള്ള; കൂടുതൽ പേരിലേക്ക് അന്വേഷണം നീളും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർക്കുകൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവർദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍.

ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ 17ന് ഇഡി ചോദ്യം ചെയ്യും. കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. അറ്റകുറ്റപ്പണികൾക്കായി മുഖ്യപ്രതി ഉണ്ണികൃഷ്‌ണൻ പോറ്റി കൊണ്ടുപോയ ശബരിമലയിലെ വാതിൽപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയിരുന്നു. പോറ്റിയുമായി ദീർഘകാല പരിചയം ജയറാമിനുണ്ട്. ഇവ സംബന്ധിച്ച വിശദീകരണമാണ് ഇഡി തേടുക. ഇരുവരും തമ്മിൽ പണിമിടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ശബരിമലയിൽ വച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്നും മറ്റു ബന്ധങ്ങളില്ലെന്നുമാണ് ജയറാം നേരത്തെ വിശദീകരിച്ചത്.അതേസമയം, കേസിലെ പ്രതിയായ ജുവലറി ഉടമ ഗോവ‌ർദ്ധന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,​ സതീഷ് ചന്ദ്ര ശ‌ർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുക്കുകയായിരുന്നു. ജാമ്യം നിഷേധിച്ച കേരള ഹൈക്കോടതി വിധി റദ്ദാക്കാനും വിസമ്മതിച്ചു.

ഗോവർദ്ധൻ രണ്ടുകേസുകളിലാണ് ജാമ്യം തേടിയത്. 20 വർഷത്തിലധികമായി അയ്യപ്പഭക്തനാണെന്നും 80 ലക്ഷത്തിലധികം ശബരിമല ക്ഷേത്രത്തിന് സംഭാവന നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ മുഖേന ഗോവർദ്ധൻ വാദിച്ചെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല. സംഭാവന വെറേ, സ്വർണക്കൊള്ള വെറേയെന്ന് കോടതി വ്യക്തമാക്കി. സംഭാവന നൽകുന്നയാൾ മോഷണം നടത്തില്ലെന്ന് പറയാനാകില്ലെന്നും കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്‌ണൻ പോറ്റിയിൽ നിന്ന് ഗോവ‌ർദ്ധൻ സ്വർണം വാങ്ങിയെന്നതാണ് കുറ്റം.