ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷണം അട്ടിമറിക്കുന്നു: മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച കേസ് അന്വേഷണം യാതൊരു ദിശയിലേക്കും എത്താതെ അവസാനിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. എല്ലാ പ്രതികളെയും രക്ഷപ്പെടുത്തുകയാണ് ലക്ഷ്യമെന്നും, കേസുമായി ബന്ധപ്പെട്ട ഒരു തെളിവും കാര്യമായി ശേഖരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പ്രധാനികളായ ആളുകളിലേക്കു അന്വേഷണം എത്താതിരിക്കാന്‍ സിപിഐഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് ഇടപെടുകയാണെന്ന് സതീശന്‍ പറഞ്ഞു. ജയിലിലായ മൂന്ന് സിപിഐഎം നേതാക്കളെ പുറത്തിറക്കുകയും, കേസ് തെളിവില്ലാതെ അവസാനിപ്പിക്കുകയുമാണ് ലക്ഷ്യം. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് എസ്‌ഐടിക്ക് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണക്കവര്‍ച്ചയില്‍ പങ്കുള്ളവരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടപെടല്‍ നടക്കുന്നതെന്ന് സതീശന്‍ ആരോപിച്ചു. സ്വര്‍ണം കവര്‍ന്നത് സിപിഐഎം നേതാക്കളാണെന്നും, അവരെ ഭരണകൂടവും മുഖ്യമന്ത്രിയും ചേര്‍ന്ന് സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സോണിയ ഗാന്ധിയുടെ പേര് ഉന്നയിക്കുന്നത് അനാവശ്യമാണെന്നും, മനപ്പൂര്‍വ്വം അവരെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും വിമര്‍ശിച്ചു.