ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ സാമ്പിൾ ശേഖരണം ഇന്നും തുടരും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഇന്നും ശ്രീകോവിലിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാമ്പിളുകൾ ശേഖരിക്കും. എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സന്നിധാനത്തുനിന്ന് സാമ്പിളുകൾ ശേഖരിച്ചുതുടങ്ങിയത്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിനുപിന്നാലെയാണ് സ്വർണപാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്.
ഇന്നലെ ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്‌മെന്റ് വിഭാഗവും പ്രത്യേക അന്വേഷണ സംഘത്തിനൊപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവയിൽ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. സാമ്പിളുകൾ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയച്ച് പരിശോധിക്കും.
വിശദമായ തെളിവ് ശേഖരണത്തിനുശേഷം കുറ്റപത്രം സമർപ്പിക്കും. മുമ്പ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.അതേസമയം,ശബരിമലയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പണമിടപാടുകളില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്ത ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നെന്നാണ് കണ്ടെത്തല്‍. മണ്ഡലകാലത്ത് സന്നിധാനത്ത് ജോലി ചെയ്ത മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ശേഖരിക്കണമെന്നും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ദേവസ്വം വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.