ശബരിമല: സര്‍ക്കാര്‍ നിലപാട് നാടകം, വിമര്‍ശനവുമായി സണ്ണി ജോസഫ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരായ ജനവികാരത്തെ മറികടക്കാനുള്ള കുതന്ത്രമാണ് ശബരിമല യുവതീ പ്രവേശനത്തിലെ നിലപാട് മാറ്റമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ഇത് ആത്മാര്‍ത്ഥയില്ലാത്ത മലക്കം മറിച്ചിലാണ്. ശബരമലിയില്‍ സ്വര്‍ണ്ണക്കൊള്ളയും ആഗോള അയ്യപ്പ സംഗമത്തിന്റെ പേരില്‍ കൊള്ളയും നടത്തിയവര്‍ മറിമായം നടത്തി മറ്റൊരു തട്ടിപ്പിന് വേദിയുണ്ടാകുമോയെന്നാണ് ഇതിലൂടെ നോക്കുന്നത്. യുവതി പ്രവേശനത്തിന് ആളുകളെ നിര്‍ബന്ധിപ്പിച്ച് പൊലീസ് സംരക്ഷണയില്‍ കൊണ്ടുപോയവരാണ്.
അതിന്റെ പേരില്‍ വനിതാ മതിലും നവോത്ഥാന സദസ്സും സമതിയും തീര്‍ത്തു. ഇപ്പോള്‍ വീണ്ടും ചില അഭ്യാസങ്ങളും നാടകങ്ങളും നടത്തുന്നു. സിപിഎമ്മിന് നയമില്ലാത്തതിന്റെ പ്രകടമായ രൂപമാണ് ഇപ്പോഴത്തെ നടപടി.ഇതുവരെയുള്ള സിപിഎമ്മിന്റെ നയങ്ങള്‍ തെറ്റായിരുന്നുവെന്ന് പരസ്യമായി പറയാന്‍ തയ്യാറാകണം. നവോത്ഥാനത്തിന്റെ പേരില്‍ നടത്തിയ കോടികളുടെ ദുര്‍ചെലവ് ആരില്‍ നിന്ന് ഈടാക്കുമെന്നത് വ്യക്തമാക്കണം. നവോത്ഥാനത്തിന്റെ പേരില്‍ രൂപീകരിച്ച സമിതിയെ പിരിച്ചുവിടണമെന്നും സണ്ണി ജോസഫ് പറഞ്ഞു.