‘ശബരിമല യുവതീപ്രവേശനം; ആചാരസംരക്ഷണത്തിനായി പോരാടിയവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’

തിരുവനന്തപുരം: ശബരിമലയിലെ ആചാരസംരക്ഷണത്തിനായി പോരാടിയവർക്കെതിരെ ഫയൽ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിൻവലിക്കണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശബരിമല യുവതീപ്രവേശനത്തിൽ സർക്കാർ നിലപാട് മാറ്റിയതിന് പിന്നാലെയാണ് കുമ്മനം വിമർശനവുമായി രംഗത്തെത്തിയത്.
ശബരിമല ഭക്തർക്കെതിരെയെടുത്ത കേസുകൾ പിൻവലിക്കാതെ സുപ്രീ കോടതിയിൽ നൽകിയ സത്യവാങ്‌മൂലം തിരുത്തുമെന്ന് പറയുന്നത് സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണ്. നയം മാറ്റത്തെ ന്യായീകരിക്കാൻ അച്യുതാനന്ദന്റെ കാലത്തെ സത്യവാങ്‌മൂലത്തെ ദേവസ്വം മന്ത്രി വി എൻ വാസവൻ കൂട്ടുപിടിക്കുന്നത് ശരിയല്ല.ആചാരങ്ങൾ പണ്ഡിതരുടെ തീരുമാനത്തിന് വിടുന്നതുമായി ബന്ധപ്പെട്ട് പിണറായി സർക്കാർ നൽകിയ സത്യവാങ്‌മൂലത്തിൽ പരാമർശമില്ല.
കേസ് പിൻവലിച്ച് മാപ്പ് പറയുന്നില്ലെങ്കിൽ ഇപ്പോഴത്തെ ചുവടുമാറ്റം വെറും കാപട്യമാണെന്ന് പറയേണ്ടിവരും. അയ്യപ്പഭക്തന്മാർ തെരുവിലിറങ്ങി സമരം ചെയ്തത് ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനാണ്.സർക്കാർ നിലപാട് തിരുത്തുകയും സമരക്കാരുടെ ആവശ്യം ശരിവയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ അതേ സമരക്കാർക്കെതിരെയെടുത്ത ക്രിമിനൽ കേസുകൾ തുടരുന്നത് അങ്ങേയറ്റം അനീതിയാണ്.
സിപിഎമ്മിന്റെയും സർക്കാരിന്റെയും രാഷ്ട്രീയ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്ന് നവോത്ഥാനത്തിന്റെ പേരിൽ കോടികൾ മുടക്കി വനിതാ മതിൽ പണിയുകയും പൊലീസ് സന്നാഹത്തോടെ വിശ്വാസികളെ അടിച്ചമർത്തി യുവതീപ്രവേശനം സാദ്ധ്യമാക്കിയവർ തിരഞ്ഞെടുപ്പടുക്കുമ്പോൾ ചുവടുമാറ്റം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണ്. ആചാര സംരക്ഷണത്തെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന സർക്കാർ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണം.’- കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.