ശബരിമല യുവതീപ്രവേശനം: സംസ്ഥാന സര്‍ക്കാര്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷയില്‍ എന്‍എസ്എസ്

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച നിലപാട് തിരുത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാളെ കോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ലെന്നും എന്നാല്‍ നിലപാട് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ ശക്തമായി നിയമപോരാട്ടം നടത്തിയത് എന്‍എസ്എസാണെന്നും പഴയ ഉശിരും വാശിയും കൈവിടാതെ കേസ് മുന്നോട്ടുകൊണ്ടുപോകുമെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ സര്‍ക്കാര്‍ ശരിയായ രീതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്രയും വലിയ പ്രശ്നങ്ങളിലേക്ക് നീങ്ങേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ യാതൊരു കാര്യമായ ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അനാവശ്യ ചെലവ് നടത്തിയതായി ഇതുവരെ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്ക് നിയമാനുസൃതമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനാകില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.