സിപിഎമ്മിൽ ചേരാൻ ഒരുങ്ങി ശബരിനാഥൻ, കഴക്കൂട്ടത്തോ നേമത്തോ മത്സരിപ്പിക്കും, ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് സുലേഖ ടീച്ചർ

ആര്യനാട് മുൻ എംഎൽഎയും കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാവും ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ എസ് അയ്യരുടെ ഭർത്താവുമായ കെ എസ് ശബരീനാഥൻ സിപിഎമ്മിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അന്തരിച്ച മുൻ കോൺഗ്രസ് നേതാവ് ജി കാർത്തികേയന്റെ മകനാണ് കെഎസ് ശബരി നാഥൻ. കഴിഞ്ഞ കുറച്ചു നാളുകളുമായി കോൺഗ്രസുമായി മാനസികമായ അകൽച്ചയിൽ ആണ് ശബരി. കോൺഗ്രസിന്റെ പല നീക്കങ്ങളും സിപിഎമ്മിനും മറ്റും ചോർത്തി കൊടുക്കുന്നത് ശബരിയാണെന്ന ആരോപണം കോൺഗ്രസുകാർ തന്നെ ശബരിക്കെതിരെ ഉയർത്തിയിരുന്നു. 2015-ൽ പിതാവായ ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് ആര്യനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ശബരീനാഥൻ എം വിജയകുമാറിനെ തോൽപ്പിച്ചാണ് നിയമസഭയിൽ എത്തിയത്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എ. എ റഷീദിനെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് വീണ്ടും നിയമസഭയിൽ എത്തിയത്. എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിക്ക് അടിതെറ്റി. ജി സ്റ്റീഫനെ ഇറക്കിയുള്ള ഇടതിന്റെ കളിയിൽ ശബരി വീണു. ഇതോടെയാണ് കോൺഗ്രസിനുള്ളിൽ ശബരിയുടെ നിറം മങ്ങി തുടങ്ങിയത്. 2020 ലാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി ശബരിനാഥൻ നിയമിതനായത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസ്സിൽ ശബരിക്ക് വേണ്ടത്ര പ്രാധാന്യമില്ലാതായി.
ഇതോടെയാണ് കോൺഗ്രസുമായുള്ള മാനസിക അതൃപ്തിയിലേക്ക് ശബരി നീങ്ങിയത്. എന്നാൽ ഭാര്യയും ഐഎസ് ഓഫീസറുമായ ദിവ്യ എസ് അയ്യർ മുഖ്യമന്ത്രിയുമായും സിപിഎം നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്നത് കോൺഗ്രസിനുള്ളിൽ ചർച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതാക്കളെയും പുകഴ്ത്തി ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ഇടുക കൂടി ചെയ്തത്തോടെ കോൺഗ്രസിനുള്ളിൽ ശബരിക്കെതിരെ നേതാക്കളുടെ വിമർശനം ഏറ്റുവാങ്ങേണ്ട ഗതികേടും ഉണ്ടായി.
ജികെയുടെ മകനോട് കോൺഗ്രസുകാർ കാണിച്ച അകൽച്ചയും ശബരിയുടെ രാഷ്ട്രീയ അസ്ഥിരതയും അമ്മ സുലേഖ ടീച്ചറെ അസ്വസ്ഥയാക്കുന്നുണ്ട്. കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും ശബരിയുടെ അകൽച്ചയും ടീച്ചറെ വേദനിപ്പിക്കുന്നുണ്ടെന്നാണ് വിവരം. അതോടെയാണ് ശബരിയെ സിപിഎമ്മുമായി അടുപ്പിക്കാൻ ടീച്ചർ തന്നെ മുൻകൈയെടുക്കുന്നത്. കേരള സർവകലാശാലയിൽ നിന്നും ഉയർന്ന പദവിയിൽ വിരമിച്ച സുലേഖ ടീച്ചർക്ക് സിപിഎം നേതാക്കളുമായി നല്ല ബന്ധമാണുള്ളത്.
ഇതുപയോഗിച്ചാണ് മകനെ സിപിമ്മിലേക്ക് എത്തിച്ചു ശബരിയുടെ രാഷ്ട്രീയ ഭാവി ഭദ്രമാക്കാൻ ടീച്ചർ ശ്രമിക്കുന്നത്. ഇനിയൊരു വിജയസാധ്യത കോൺഗ്രസിൽ നിന്നും മത്സരിച്ചാൽ ആര്യനാട് ശബരിക്കില്ല. ആര്യനാട് ജി സ്റ്റീഫന്റെ കോട്ടയായി മാറി. ഇത് തിരിച്ചറിഞ്ഞാണ് ടീച്ചർ ശബരിയെ സിപിഎമ്മിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ചകളും തകൃതിയായി നടക്കുന്നുണ്ട്. ശബരി സിപിഎമ്മിലേക്ക് പ്രവേശിച്ചാൽ ശബരിയെ കഴക്കൂട്ടത്തോ, നേമത്തോ മത്സരിപ്പിക്കാം എന്നാണ് സിപിഎം അനൗദ്യോഗികമായി വാക്ക് നൽകിയിരിക്കുന്നത്.
എന്നാൽ ചില നേതാക്കൾ ശബരിയുടെ സിപിഎം പ്രവേശനത്തിനെ രംഗത്ത് വരാൻ സാധ്യതയുണ്ട്. മുഖ്യമന്ത്രിയെ വിമാനത്തിൽ പ്രതിഷേധിക്കാൻ ഗൂഢാലോചന നടത്തിയത് യൂത്ത് കോൺഗ്രസ് നേതാവായ ശബരീനാഥൻ ആണെന്നത് മറച്ചു വെക്കാനാകാത്ത സത്യമാണെന്നും ഒരു വിഭാഗം സിപിഎം നേതാക്കൾ വാദിക്കുന്നു. ഈ വിവാദത്തിൽ ശബരിയുടെ അറസ്റ്റ് ഉൾപ്പെടെ ചൂണ്ടിക്കാണ് ഇവരുടെ വാദം.
എന്നാൽ ഇത്രയും നാൾ തന്നെ വളർത്തിയ കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ ശബരിക്ക് താല്പര്യമില്ലന്ന വിവരവും പുറത്തു വരുന്നുണ്ട്. ഭാര്യ ദിവ്യ എസ് അയ്യർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാജേഷിനെ പുകഴ്ത്തിയ സംഭവത്തിൽ ശബരിയുടെ പ്രതികരണം പക്വതയോടെയായിരുന്നു.കെ കെ രാഗേഷിനെ അഭിനന്ദിച്ച ദിവ്യക്ക് വീഴ്ചയുണ്ടായെന്നാണ് ശബരീനാഥൻ പ്രതികരിച്ചത്. ദിവ്യയുടെ അഭിപ്രായം തികച്ചും വ്യക്തിപരമാണ്. അഭിനന്ദനം സദുദ്ദേശപരമെങ്കിലും വീഴ്ചയുണ്ടായി.
മുഖ്യമന്ത്രിക്കും സർക്കാർ പദ്ധതികൾക്കും ഒപ്പം നിൽക്കണം എന്നത് ഉദ്യോഗസ്ഥ ധർമ്മം. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ എന്ന നിലയില്‍ സര്‍ക്കാരിനെയും സര്‍ക്കാര്‍ നയങ്ങളെയും അഭിനന്ദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല. കെ കെ രാഗേഷിന്റേത് രാഷ്ട്രീയ നിയമനമാണ്. രാഷ്ട്രീയ നിയമനം ലഭിച്ചയാളെ പുകഴ്ത്തുന്നത് ഒഴിവാക്കാമായിരുന്നു.
ഈ വിഷയത്തെ കുറച്ചുകൂടി അവധാനതയോടെ കൂടി കാണണമായിരുന്നുവെന്നും കെ എസ് ശബരീനാഥന്‍ പറഞ്ഞു. എന്നാൽ വിവാദം ഇതുകൊണ്ടൊന്നും കെട്ടിടങ്ങിയിട്ടില്ല. കോൺഗ്രസ് നേതാക്കൾ ശബരിക്കെതിരെ അതിരൂക്ഷമായിട്ടാണ് രംഗത്ത് വന്നതെന്ന് പുറത്തു വരുന്ന വിവരം. കെ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ അതിരൂക്ഷമായി പ്രതികരിക്കുന്ന സാഹചര്യമുണ്ടായി. ഇത് ശബരിയെ മാനസികമായ ഒരു തളർത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നയിച്ചു. ഇനിയും കോൺഗ്രസിൽ തുടർന്നാൽ കടുത്ത അപമാനത്തോടെ പുറത്തു പോകേണ്ടി വരുമെന്ന് തിരിച്ചറിവും ശബരിക്കുണ്ട്. ഈ തിരിച്ചറിവാണ് അമ്മ സുലേഖ ടീച്ചർ വഴി സിപിഎമ്മിലേക്ക് ചേക്കേറാൻ ശബരി തയ്യാറെടുക്കുന്നത്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിലേക്ക് പോകുമോ അതോ അപമാനം സഹിച്ച് ജികെയുടെ മകൻ കോൺഗ്രസിൽ തുടരുമോ എന്ന് കണ്ടറിയണം.